Rare sand cat discovered in Saudi Arabia
സൗദിയിലെ നഫൂദ് അല്‍ അരീഖ് എന്ന സംരക്ഷിതപ്രദേശത്തുനിന്ന് മണല്‍പ്പൂച്ചയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് സൗദി ദേശീയ വന്യജീവി ഗവേഷണ സംരക്ഷണകേന്ദ്രം. മൊറോക്കോ, അള്‍ജീരിയ, ഈജിപ്ത് അറേബ്യന്‍ പെനിന്‍സുല എന്നിവിടങ്ങളിലാണ് ഫെലിസ് മര്‍ഗരീത്ത എന്ന മണല്‍പ്പൂച്ചകള്‍ പൊതുവെ കണ്ടുവരുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഇവ വംശനാശഭീഷണി നേരിടുന്നതിനാല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നെയ്ച്ചര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് മണല്‍പ്പൂച്ചകള്‍ക്കായുള്ള സംരക്ഷണ പദ്ധതികള്‍ ഒരുക്കിയിരുന്നു അധികൃതര്‍.
മണലും കല്ലും നിറഞ്ഞ മരുഭൂമിയില്‍ കാണപ്പെടുന്ന മണല്‍ പൂച്ച, സസ്യങ്ങള്‍ വ്യാപകമായ ഭൂപ്രദേശങ്ങളിലാണ് വസിക്കുന്നത്. പകല്‍ സമയത്ത് മാളങ്ങളില്‍ അഭയം പ്രാപിക്കും. ശരീരത്തില്‍ ഉയര്‍ന്ന താപനില ഒഴിവാക്കാനാണ് മാളങ്ങളില്‍ വസിക്കുന്നത്. ഇതുവഴി ശരീരത്തില്‍ ഉയര്‍ന്ന ജലാംശം നിലനിര്‍ത്തുകയും ദാഹമോ വിശപ്പോ അനുഭവപ്പെടാതിരിക്കുകയും ചെയ്യും. ഇത് പ്രധാനമായും എലികളെയും മറ്റു ഉരഗങ്ങളെയുമാണ് ഭക്ഷിക്കുന്നത്.
വലുപ്പത്തില്‍ ചെറുതായ പൂച്ചകള്‍ക്ക്, വലുതും വീതിയേറിയതുമായ ചെവികളാണ്. ചതുരാകൃതിയിലുള്ള മുഖവുമാണ്. ഒറ്റനോട്ടത്തില്‍ കാട്ടുപൂച്ചയോട് സാമ്യമുണ്ട്. ശരീരത്തിന്റെ നിറം മഞ്ഞകലര്‍ന്ന ചാരനിറമാണ് (മണലിന്റെ നിറം). മുന്‍വശത്തെ കൈകാലുകളില്‍ വിശാലമായ വരകളുണ്ട്. വാല്‍ കറുത്തതാണ്. രാത്രികാലത്താണ് സഞ്ചാരം. പകല്‍ സമയത്ത് അപൂര്‍വ്വമായാണ് പ്രത്യക്ഷപ്പെടുന്നത്.