ശബരിമല: അയ്യപ്പഭക്തരോട് ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുതെന്നും തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കാൻ പാടില്ലെന്നും പൊലീസിനു കർശന നിർദേശം. ജോലിസമയത്ത് മൊബൈൽ ഫോണിലൂടെയുള്ള സമൂഹമാധ്യമ ഉപയോഗവും വിലക്കി. സിസിടിവിയിലൂടെ പൊലീസുകാരുടെ സേവനം നിരീക്ഷിക്കും. ശബരിമല ദർശനത്തിനെത്തുന്നവരെ സ്വാമി എന്ന് അഭിസംബോധന ചെയ്യണം. എന്ത് പ്രകോപനമുണ്ടായാലും ആത്മസംയമനം കൈവിടരുത്.
ദർശനത്തിനായുള്ള ക്യൂവിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമ്പോൾ തർക്കങ്ങളുയരാതെ നോക്കണം. തിരക്ക് നിയന്ത്രണവിധേയമാക്കാൻ വിസിൽ ഉപയോഗിക്കാം. കാക്കി പാന്റ് ധരിച്ചെത്തുന്ന എല്ലാവരെയും പരിശോധന കൂടാതെ കടത്തിവിടേണ്ടതില്ലെന്നും നിർദേശമുണ്ട്. കാനന പാതയിലൂടെ എത്തുന്നവരിൽ ചിലർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്നു രക്ഷ നേടാൻ പടക്കങ്ങൾ കരുതാറുണ്ടെന്ന് ബോംബ് സ്ക്വാഡിന്റെ നിരീക്ഷണത്തിൽ വ്യക്തമായി. പടക്കങ്ങളുമായി സന്നിധാനത്ത് എത്താൻ അനുവദിക്കരുത്.