മാതൃകാ ദമ്പതികളുടെ പട്ടികയിലായിരുന്നു സംഗീത മാന്ത്രികൻ എആർ റഹ്മാന്റെയും ഭാര്യ സൈറ ഭാനുവിന്റെയും പേര്. ഏറ്റവും സിംപിളായ താരദമ്പതികൾ എന്നായിരുന്നു ഇരുവരെയും ആരാധകർ വിശേഷിപ്പിച്ചിരുന്നത്. പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം സൈറയും എആർ റഹ്മാനൊപ്പം ഉണ്ടാകാറുണ്ട്. ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുള്ള അഭിമുഖങ്ങളെല്ലാം വലിയ ഹിറ്റായിരുന്നു. ഇരുപത്തിയൊമ്പത് വർഷത്തെ സന്തുഷ്ടകരമായ ദാമ്പത്യ ജീവിതത്തിനുശേഷം താരദമ്പതികൾ കഴിഞ്ഞ ദിവസമാണ് തങ്ങൾ വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്.
ആരാധകർക്കും സംഗീത പ്രേമികൾക്കും എന്തിന് സഹപ്രവർത്തകർക്കുപോലും അതൊരു സങ്കടം നൽകുന്ന വാർത്തയായിരുന്നു. ദമ്പതികളുടെ വേർപിരിയലിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.
ദീജ റഹ്മാൻ, എആർ അമീൻ, റഹീമ റഹ്മാൻ എന്നീ മൂന്ന് മക്കളാണ് എആർ റഹ്മാനും സൈറ ബാനുവിനുമുള്ളത്. മൂത്ത മകൾ ഖദീജ വിവാഹിതയാണ്. പിതാവിന്റെ പാത പിന്തുടർന്ന് ഖദീജയും സംഗീത ലോകത്തേക്ക് കടന്ന് വന്നു. ഇന്ന് തമിഴകത്ത് അറിയപ്പെടുന്ന ഗായികയും സംഗീത സംവിധായികയുമാണ് ഖദീജ.
ഇരുവരുടെയും വിവാഹമോചന പ്രഖ്യാപനത്തിനു പിന്നാലെ ഡിവോഴ്സിനുള്ള കാരണം തേടി സോഷ്യൽ മീഡിയ പല കഥകളും മെനഞ്ഞു. റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡേ, തൊട്ടടുത്ത ദിവസം വിവാഹമോചന പ്രഖ്യാപനം നടത്തിയത് വീണ്ടും അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി. മോഹിനി ഡേയും റഹ്മാന്റെ മകനുമെല്ലാം അടിസ്ഥാനമില്ലാത്ത കഥകൾ പ്രചരിപ്പിക്കരുത് എന്ന് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തെത്തി.
റഹ്മാനും സൈറ ബാനുവും പിരിയാനിടയായ കാരണത്തെ കുറിച്ച് വക്കീൽ വന്ദന ഷാ പറയുന്നത് ഇങ്ങനെ. ” ദമ്പതികൾക്കിടയിൽ പരിഹരിക്കാനാവാത്ത വിടവ്” വളർന്നുവെന്നും അത് അവരുടെ വേർപിരിയലിലേക്ക് നയിച്ചെന്നുമാണ് വന്ദന വെളിപ്പെടുത്തുന്നത്. “അവർക്കിടയിൽ നികത്താനാവാത്ത വിടവ് വരുന്ന ഒരു ഘട്ടത്തിൽ അവർ എത്തിയിരിക്കുന്നു. അവർ സ്വന്തം വേദനകളിലൂടെയും പോരാട്ടങ്ങളിലൂടെയും കടന്നുപോകുന്നു, എനിക്ക് നിസ്സാരമായി സംസാരിക്കാൻ കഴിയുന്ന ഒന്നല്ല ഇത്. ഇത് വളരെ വേദനാജനകമാണ്, ആഴത്തിൽ ചിന്തിക്കാതെ ആരും അത്തരമൊരു ഘട്ടത്തിലേക്ക് എത്തില്ല, പ്രത്യേകിച്ച് 29 വർഷത്തെ ദാമ്പത്യത്തിന് ശേഷം, ”ബോളിവുഡ് ബബിളുമായുള്ള ഒരു ചാറ്റിനിടെ വന്ദന ഷാ പറഞ്ഞു.
അതേസമയം, സൈറ ബാനുവിന് റഹ്മാൻ നൽകുന്ന ജീവനാംശവുമായി ബന്ധപ്പെട്ടൊരു ചർച്ചയും സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നുണ്ട്. 1700 കോടിയാണ് റഹ്മാന്റെ ആസ്തി എന്നാണ് റിപ്പോർട്ട്. എട്ടു കോടി വരെ ഒരു ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കാൻ റഹ്മാൻ ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, റഹ്മാന്റെ ആസ്തിയുടെ 50 ശതമാനം സൈറ ബാനുവിനു ജീവനാംശമായി നൽകാൻ പോവുന്നു എന്നൊക്കെ പല റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. അതിനെ കുറിച്ച് വന്ദന ഷാ പറയുന്നതിങ്ങനെ.
“ഇന്ത്യയിൽ, വിവാഹമോചനത്തിന് ശേഷം 50 ശതമാനം ജീവനാംശം ലഭിക്കുമെന്ന ആശയം ഒരു മിഥ്യയാണ്. മാത്രമല്ല അത് നിയമത്തിൽ രേഖപ്പെടുത്തിയിട്ടില്ല. നിയമസംവിധാനം അനുശാസിക്കുന്ന നിശ്ചിത ശതമാനം ഇല്ല. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ നിലനിൽക്കുന്നു, വിവാഹമോചനത്തിന് ശേഷം ഇണയ്ക്ക് സ്വയമേവ 50% ജീവനാംശം ലഭിക്കുമെന്ന് ആളുകൾ വിശ്വസിക്കുന്നു. എന്നാൽ അത് സത്യമല്ല. കോടതിയിൽ ഹാജരാക്കിയ വാദങ്ങളെയും ആസ്തികളുടെയും ബാധ്യതകളുടെയും സത്യവാങ്മൂലത്തെയും ആശ്രയിച്ചിരിക്കും യഥാർത്ഥ ഫലം. കേസിനാസ്പദമായ സന്ദർഭങ്ങളും പരിശോധിക്കും. ജീവനാംശ ശതമാനം കൂടുതൽ ഘടനാപരവും സ്ഥിരവുമാണ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ, എന്നാൽ ഇന്ത്യ അത്തരമൊരു സംവിധാനം പിന്തുടരുന്നില്ല.”
1995-ൽ ആണ് എആർ റഹ്മാൻ സൈറ ബാനുവിനെ വിവാഹം കഴിച്ചത്. നടൻ റഹ്മാന്റെ ഭാര്യ മെഹറുന്നിസയുടെ സഹോദരിയാണ് സൈറ ബാനു. റഹ്മാൻ- സൈറ ബാനു ദമ്പതികൾക്ക് മൂന്നു മക്കളാണ് ഉള്ളത്. ഖത്തീജ, റഹീമ, അമീൻ – മൂവരും പിതാവിൻ്റെ പാത പിന്തുടർന്ന് സംഗീതലോകത്തു തന്നെയാണ് പ്രവർത്തിക്കുന്നത്.
content highlight: ar-rahman-saira-banu-separation-divorce