ന്യൂഡൽഹി: ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം. ഭരണഘടന രൂപം കൊണ്ട പഴയ പാർലമെന്റ് മന്ദിരത്തിലെ കോൺസ്റ്റിറ്റ്യുവന്റ് ഹാളിൽ (സെൻട്രൽ ഹാൾ) ഇന്നു രാവിലെ 11നു രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ ഒരു വർഷത്തെ ആഘോഷങ്ങൾക്കു തുടക്കമാകും.
‘നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം’ എന്ന പ്രമേയത്തിൽ കേന്ദ്ര സർക്കാർ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചു. വൈകിട്ട് അഞ്ചിന് സുപ്രീം കോടതിയിൽ നടക്കുന്ന ഭരണഘടന ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും.
1949 നവംബർ 26നാണ് ഭരണഘടനാനിർമ്മാണ സഭ ഭരണഘടന പാസാക്കിയത്. 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നു. ‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്ന വാചകത്തോടെയാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലിഖിത ഭരണഘടനയായ ഇന്ത്യൻ ഭരണഘടന ആരംഭിക്കുന്നത്. തുടർന്ന് എല്ലാ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടനാ ദിനമായി ആഘോഷിക്കുന്നു. ഇത് ദേശീയ നിയമദിനം എന്നും അറിയപ്പെടുന്നു.