ജറുസലം: ഗാസയിൽ കഴിഞ്ഞ രാത്രി കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അഭയാർഥികൂടാരങ്ങൾ മുങ്ങി. പ്ലാസ്റ്റിക്കും തുണിയും ഉപയോഗിച്ചു കെട്ടിപ്പൊക്കിയ പതിനായിരത്തിലേറെ കൂടാരങ്ങൾ ഒലിച്ചുപോയി. കക്കൂസ് മാലിന്യം കലർന്ന വെള്ളപ്പൊക്കത്തിലും കടുത്ത ശൈത്യത്തിലും 5 ലക്ഷത്തോളം പലസ്തീൻകാർ അതീവ ദുരിതാവസ്ഥയിലാണെന്ന് യുഎന്നിന്റെ പലസ്തീൻ അഭയാർഥി സംഘടന (യുഎൻആർഡബ്യൂഎ) പറഞ്ഞു.
പെരുമഴയിൽ 81% കൂടാരങ്ങളും ഉപയോഗശൂന്യമായെന്ന് ഗാസ സിവിൽ എമർജൻസി സർവീസ് വ്യക്തമാക്കി. ഗാസയിൽ 1.35 ലക്ഷം ടെന്റുകളിലാണ് പലസ്തീൻകാർ കഴിയുന്നത്. പലതും നേരത്തേതന്നെ പഴകിക്കീറിയ നിലയിലായിരുന്നു. ഇതിനിടെ, റഫയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു. ജബാലിയയിൽ 7 പേരും കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തിൽ ശേഷിക്കുന്നവരും ഉടൻ സ്ഥലം വിടണമെന്ന ലഘുലേഖകൾ ഇന്നലെ ഇസ്രയേൽ പോർവിമാനങ്ങൾ വിതറി. ഈ മേഖലയിൽ വീടുകളും കെട്ടിടങ്ങളുമെല്ലാം ബുൾഡോസറുകൾ ഇടിച്ചുനിരത്തുകയാണ്.