Tech

യുപിഐ സേവനങ്ങൾ ഇനി വിദേശത്തും; എങ്ങനെ ഉപയോഗിക്കാം? | upi-feature

ഇനി വിദേശത്തും യുപിഐ ഇടപാടുകൾ സാധ്യമാകും. ജനപ്രിയ ഡിജിറ്റൽ പെയ്മെൻറ് പ്ലാറ്റ്ഫോം ആയ പേടിഎം ആണ് സേവനങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ പേടിഎമ്മിലൂടെ യുപിഎ ഇടപാടുകൾ നടത്താമെന്ന് കമ്പനി വ്യക്തമാക്കി. ഉപയോക്താക്കൾക്ക് ഏറെ പ്രയോജനകരമാകുന്ന ഫീച്ചറാണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

യുഎഇ, സിംഗപ്പൂർ, ഫ്രാൻസ്, മൗറീഷ്യസ്, ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് ഷോപ്പിങ്ങിനും ഹോട്ടലുകളിലും മറ്റു പ്രാദേശിക ആവശ്യങ്ങൾക്കും ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്താമെന്ന് പേടിഎം വ്യക്തമാക്കി. ഉപയോക്താക്കൾ ഇതിനായി ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതിന് “വൺ ടൈം ആക്ടിവേഷൻ” ചെയ്യേണ്ടതുണ്ട്.

യാത്രാ കാലയളവിനെ ആശ്രയിച്ച്, പേടിഎം ഉപയോക്താക്കൾക്ക് ഒന്ന് മുതൽ 90 ദിവസം വരെയുള്ള കാലയളവ് തിരഞ്ഞെടുക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ഇതിനുശേഷം സുരക്ഷാ കാരണങ്ങളാൽ സേവനം പ്രവർത്തനരഹിതമാകും. നിശ്ചിത സമയത്തിനു ശേഷം പ്രവർത്തനം സ്വയമേ പ്രവർത്തനരഹിതമാക്കുന്നതിലൂടെ തട്ടിപ്പുകാരെ തടയുകയും സുരക്ഷ വർധിപ്പിക്കുകയും ചെയ്യുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.

ഇടപാടുകളുടെ രേഖകൾ ഉപയോക്താക്കൾക്ക് ലഭിക്കുന്ന യുപിഐ സ്റ്റേറ്റ്‌മെൻ്റുകൾ ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ അടുത്തിടെ പേടിഎം അവതരിപ്പിച്ചിരുന്നു. വരവു ചെലവുകൾ സൂക്ഷിക്കുന്ന ഉപയോക്താക്കൾക്ക് ഏറെ ഉപയോഗപ്രദമാകുന്ന ഫീച്ചറാണ് കമ്പനി പുറത്തിറക്കിയത്. അതേസമയം, നിബന്ധനകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി, പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കാൻ പേടിഎമ്മിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ വർഷം ആദ്യം നിർദേശം നൽകിയിരുന്നു.

content highlight: paytm-international-upi-feature