ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് രാജ്യത്ത് തുടക്കമായി. ഭരണഘടന അവകാശങ്ങളുടെ കാവലാള്‍ ആണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പവിത്രമായ ഗ്രന്ഥമാണ് ഭരണഘടന. സാമൂഹ്യ രാഷ്ട്രീയ മേഖലകളുടെ ആധാരശിലയാണ് ഭരണഘടനയെന്നും രാഷ്ട്രപതി പറഞ്ഞു. ഭരണഘടന രൂപം കൊണ്ട പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ കോണ്‍സ്റ്റിറ്റിയുവന്റ് ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരണഘടന രാജ്യത്തിന് സമര്‍പ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ നമ്മള്‍ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ചു. ഇപ്പോള്‍ ഭരണഘടനയുടെ 75ാം വാര്‍ഷികവും ആഘോഷിക്കുന്നു. രാജ്യം നടത്തിയ മുന്നേറ്റങ്ങള്‍ക്ക് പിന്നില്‍ ഭരണഘടനയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന ശില ഭരണഘടനയാണ്. സമൂഹത്തിന്റെ നെടും തൂണാണ് ഭരണഘടന. ഇന്ത്യയെ ലോക ശ്രദ്ധയിലേക്ക് എത്തിക്കാന്‍ ഭരണഘടന ശില്‍പ്പികള്‍ ദീര്‍ഘവീക്ഷണം പുലര്‍ത്തി. ഇന്ത്യ ഇന്ന് ലോക ബന്ധുവാണ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതിയും ഭരണഘടന ഉറപ്പ് വരുത്തുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഓരോ പൗരനും ഉയര്‍ത്തിപ്പിടിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
ഭരണഘടനയുടെ ആമുഖം രാഷ്ട്രപതി പാര്‍ലമെന്റംഗങ്ങള്‍ക്ക് വായിച്ചു കൊടുത്തു. പാര്‍ലമെന്റംഗങ്ങള്‍ വാചകങ്ങള്‍ ഏറ്റുചൊല്ലി. ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷികത്തിന്‍റെ സ്മാരകമായി നാണയവും സ്റ്റാമ്പും രാഷ്ട്രപതി പുറത്തിറക്കി. 75 രൂപയുടെ നാണയമാണ് പുറത്തിറക്കിയത്. സ്റ്റാംപിൽ അശോകസ്തംഭത്തിന്റെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യം കടന്നു പോകുന്നത് ചരിത്രപരമായ നിമിഷത്തിലൂടെയെന്ന് സമ്മേളനത്തിൽ സംസാരിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അഭിപ്രായപ്പെട്ടു. 2047 ഓടെ ഇന്ത്യ വികസിത ഭാരതമാകും. വൈകാതെ തന്നെ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സ്ത്രീകൾ ആകുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
രാജ്യത്തിനിത് അഭിമാന നിമിഷമാണെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിർല പറഞ്ഞു. ഭരണഘടന നൽകുന്ന സുരക്ഷിതത്വം താഴേതട്ടിൽ വരെ ഉറപ്പ് വരുത്തുന്നു. വസുധൈവ കുടുംബകം എന്ന ആശയത്തെ ഭരണഘടന മുറുകെ പിടിക്കുന്നുവെന്നും ലോക്സഭ സ്പീക്കര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, ജെ.പി നഡ്ഡ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ‘നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം’ എന്ന പേരിൽ ഒരു വർഷത്തെ ആഘോഷപരിപാടികൾക്കാണ് തുടക്കമായത്.