Kerala

കേരളാ ബാങ്ക് ജീവനക്കാര്‍ മൂന്ന് ദിവസം പണിമുടക്കുന്നു

കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കേരളാ ബാങ്ക് ജീവനക്കാര്‍ നവംബര്‍ 28, 29, 30 തിയതികളില്‍ സംസ്ഥാ ന വ്യാപകമായി പണിമുടക്കും. ബാങ്കിന്റെ സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ്ഢാഫീസിലെയും റീജണല്‍ ജില്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും.

ജീവനക്കാരുടെ കുടിശ്ശികയായ 39% ക്ഷാമ ബത്ത അനുവദിക്കുക, കാലാവധി കഴിഞ്ഞ് 3 വര്‍ഷമായ ശമ്പള പരിഷ്‌ക്കരണത്തിന് കമ്മിറ്റിയെ നിയമിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്യുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ 3 വര്‍ഷമായി തടഞ്ഞുവെച്ചു കൊണ്ടിരിക്കുന്ന പ്രമോഷനുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാരും സഹകരണ മന്ത്രിയും കേരളാ ബാങ്ക് മാനേജ്‌മെന്റും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

സഹകരണ മന്ത്രി ജീവനക്കാരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26 ന് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളില്‍ ഒന്ന് പോലും ഒമ്പത് മാസമായിട്ടും നടപ്പിലാക്കിയില്ല. മന്ത്രി തല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നാവ ശ്യപ്പെട്ട് ജൂലായ് 30, 31 ന് ദ്വിദിന പണിമുടക്കും സെപ്തംബര്‍ മുതല്‍ നിസ്സഹകരണ സമരവും നവംബര്‍ 1 മുതല്‍ തുടര്‍ച്ചയായി 15 ദിവസം ബാങ്ക് ഹെഡ്ഢാഫീസിന് മുമ്പില്‍ സത്യാഗ്രഹ സമരവും തുടര്‍ന്ന് മന്ത്രി വസതിയിലേക്ക് മാര്‍ച്ചുമൊക്കെ നടത്തിയെങ്കിലും സര്‍ക്കാരും മാനേജ്‌മെന്റും നീതി നിഷേധം തുടരുകയാണ്.

ഇതില്‍ പ്രതിഷേധിച്ചാണ് ബാങ്കിന്റെ അഞ്ചാം വാര്‍ഷിക ദിനമായ നവംബര്‍ 29 ഉള്‍പ്പടെയുള്ള മൂന്നു ദിവസങ്ങളില്‍ സംഘടന പണിമുടക്കിന് നിര്‍ബ്ബന്ധിതമായിരിക്കുന്നത്. തുടര്‍ന്നും വിഷയങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കുമായി ജീവനക്കാര്‍ മുന്നോട്ട് പോകുമെന്ന് അറിയിക്കുന്നു.

CONTENT HIGHLIGHTS; Kerala Bank employees are on strike for three days