നെയ്യാറ്റിന്‍കര ബോയിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ സ്‌കൂള്‍ കലോത്സവം ആരംഭിച്ചിരിക്കുകയാണ്. കുട്ടികള്‍ പോരാട്ടച്ചൂടിലായിക്കഴിഞ്ഞു. എന്നാല്‍, ഇന്നലെ അവിടെ ഒരു സംഭവം ഉണ്ടായി. സ്‌കൂള്‍ കലോത്സവത്തിന്റെ പതാക ഉയര്‍ത്താന്‍ കൊടിമരത്തില്‍ കയര്‍ കെട്ടണം. ഇത് കലോത്സവത്തിലെ ഒരു ഐറ്റം അല്ലാത്തതു കൊണ്ട് ട്രോഫിയൊന്നും ഇല്ല. 30 അടി ഉയരമുള്ള കൊടിമരമാണ്. ഇരുമ്പില്‍ തീര്‍ത്ത കൊടിമരത്തില്‍ വലിഞ്ഞു പിടിച്ചു കയറി കയര്‍ കൊരുത്ത് അതില്‍ പതാക കെട്ടാന്‍ ആളെ തിരയുകയാണ്. പക്ഷെ, ആരെയും കിട്ടിയില്ല. കുട്ടികള്‍ക്ക് പഠിക്കുന്ന കാലത്ത് മരംകയറ്റവും മതില്‍ ചാട്ടവുമൊക്കെ നിത്യ പ്രക്രിയയാണല്ലോ. അതുകൊണ്ട് മുതിര്‍ന്നവരെ സഹായിക്കാന്‍ ഒരു വിദ്യാര്‍ത്ഥി തയ്യാറായി.
ആ വിദ്യാര്‍ത്ഥി ജീവന്‍മരണ പോരാട്ടത്തിനു സമമായി കൊടിമരത്തില്‍ വലിഞ്ഞു പിടിച്ചു കയറി. കൊടിമരത്തിന്റെ തുഞ്ചത്ത് കയര്‍ കുരുക്കി താഴേക്ക് ഇറങ്ങി. കയര്‍ കുരുക്കിയിട്ട് കുട്ടി ഗ്രൗണ്ടിലേക്കോ, ക്ലാസിലേക്കോ പോയി. എന്നാല്‍, ഇന്ന് രാവിലെ ഒരു മാധ്യമം അത് വലിയ ഫോട്ടോയായി വാര്‍ത്ത നല്‍കി. അപ്പോഴാണ് മനസ്സിലായത്, ആ കുട്ടി കൊടിമരത്തില്‍ കയറുമ്പോള്‍ കൊടിമരത്തിനു താഴെ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ കൊടിമരത്തില്‍ കയര്‍ കൊരുക്കുന്നത് നോക്കി നില്‍ക്കുന്നുണ്ടായിരുന്നു എന്ന്.
എത്ര ഉത്തരവാദിത്വമാണ് ജനപ്രതിനിധികള്‍ക്കുള്ളത്. നെയ്യാറ്റിന്‍കര എം.എല്‍.എ കെ. ആന്‍സലന്‍, നഗരസഭാ കൗണ്‍സിലര്‍ മഞ്ചത്തല സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ സ്‌കൂള്‍ അധ്യാപകര്‍ എന്നിവരെല്ലാം കൊടിമരത്തിനു ചുറ്റും മേലോട്ടു നോക്കി നില്‍പ്പുണ്ട്. അതീവ ഗുരുതരമായ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. കൊടിമരത്തില്‍ കുട്ടിയെ കയറ്റിയതിനേക്കാള്‍ വലിയ കോമഡിയാണ് മന്ത്രിയുടെ റിപ്പോര്‍ട്ട് തേടല്‍. റിപ്പോര്‍ട്ട് എഴുതുന്നയാള്‍ നെയ്യാറ്റിന്‍കര എം.എല്‍.എക്കും കൊണ്‍സിലര്‍ക്കും മുനിസിപ്പാലിറ്റിക്കുമൊക്കെ ഗുരുതരമായ വീഴ്ചയുണ്ടായി എന്നാകുമോ എഴുതുക.
മന്ത്രിയും എം.എല്‍.എയും ഒരേ പാര്‍ട്ടിക്കാര്‍. ഒരേ തൂവല്‍ പക്ഷികള്‍. പരസ്പരം സംരക്ഷിക്കാന്‍ ബാധ്യസ്ഥര്‍. അപ്പോള്‍ ആ കുട്ടിയെ കയറ്റിയതിന്റെ ഉത്തരവാദിത്വം എം.എള്‍.എ ഏറ്റെടുക്കുമോ. അതോ മന്ത്രി ആ കുറ്റം എം.എല്‍.എയുടെ തലയില്‍ കെട്ടി വെയ്ക്കുമോ. ഇതുരണ്ടും ഉണ്ടാകില്ലെന്നുറപ്പാണ്. പക്ഷെ, കുട്ടിയെ കൊടിമരത്തില്‍ കയറ്റിയിട്ട് താഴെ നോക്കി നില്‍ക്കുന്നവര്‍ വിദ്യയെ ആഭാസമാക്കിയവാരണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാകും. വിദ്യാഭ്യാസമുള്ള കുട്ടിയെ കൊടിമരത്തില്‍ കയറ്റിയിട്ടാണല്ലോ വേണ്ടപ്പെട്ടവരെല്ലാം താഴെ നോക്കി നില്‍ക്കുന്നത്.
ലക്ഷങ്ങള്‍ മുടക്കി സ്‌റ്റേജും, മൈക്കും മൈതാനവുമെല്ലാം ഒരുക്കി കലോത്സവം നടത്താന്‍ പണമുള്ളവര്‍ക്ക് കൊടിമരത്തില്‍ കയറാന്‍ ഒരാളെ വിളിക്കാന്‍ പണമില്ലാതായി എന്നത് നാണക്കേടാണ്. ഇത്രയും ഉയരമുള്ള കൊടിമരത്തില്‍ കുട്ടിയെ കയറ്റാന്‍ തോന്നിയല്ലോ എന്നതാണ് അത്ഭുതം. ആ കുട്ടിയുടെ മാതാപിതാക്കള്‍ കേസ് കൊടുത്താല്‍ MLAയും കൗണ്‍സിലറും എല്ലാം ഉത്തരം പറയേണ്ടി വരും. ഒരു പക്ഷെ, അത്തരമൊരു നീക്കം ഉണ്ടായേക്കുമെന്ന് ഭയന്നാകും മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അനുമാനിക്കാം.
എന്തു തന്നെയായാലും ആ കുട്ടിയെ ഒരു സുരക്ഷയുമില്ലാതെ കൊടിമരത്തില്‍ കയറ്റിയത് ആര്‍ക്കും ഭൂഷണമല്ല. അത് നോക്കി നില്‍ക്കാന്‍ തോന്നിയ MLAയുടെ മനസ്സും കാണാതെ പോകരുത്. സ്വന്തം മക്കളെ ഇങ്ങനെ സുരക്ഷിതമല്ലാതെ കൊടിമരത്തില്‍ കയറ്റുമോ താഴെ നില്‍ക്കുന്ന ആരെങ്കിലും.
CONTENTHIGHLIGHTS; If it is his own son, will he be put on the flagpole?: MLA and councilor observed; All those standing below are educated and trained