വയനാട് ആദിവാസി കുടിലുകൾ തകർത്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഒ ആർ കേളു. കുടിലുകൾ പൊളിച്ചു കളഞ്ഞത് തെറ്റാണെന്നും ഇത് ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘പരസ്പരം ആലോചിക്കാതെയാണ് വനം വകുപ്പ് ഇത് ചെയ്തത്. ഇങ്ങനെ ഒരു വിഷയത്തിൽ ഏകപക്ഷീയമായി ഇടപെടുന്നത് ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. പൊളിച്ച സ്ഥലത്ത് തന്നെ വീടുകൾ കെട്ടിക്കൊടുക്കാൻ നിർദേശിച്ചിട്ടുണ്ട്’, എന്നായിരുന്നു മന്ത്രി ഒ ആർ കേളുവിൻ്റെ പ്രതികരണം.
തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ ബേഗൂരിലായിരുന്നു വനം വകുപ്പിന്റെ ക്രൂരത. 16വര്‍ഷമായി താമസിച്ചിരുന്ന കുടുംബങ്ങള്‍ക്കാണ് രാത്രി ഇരുട്ടിവെളുക്കും മുമ്പേ കുടിലുകള്‍ നഷ്ടമായത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലത്തെത്തി തങ്ങളോട് ഷെഡ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ പുതിയ ഷെഡ് പണിയാതെ കുടില്‍ ഒഴിയില്ലെന്ന് കുടുംബങ്ങൾ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് കുടിലുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പൊളിച്ചുനീക്കിയത്.
സംഭവത്തില്‍ കുടുംബങ്ങള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗര്‍ഭിണികളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ വീടുകളില്‍ ഉണ്ടായിരുന്നുവെന്നും മറ്റ് ഇടമില്ലാത്തതിനാല്‍ തെരുവുകളിലാണ് അന്തിയുറങ്ങിയതെന്നും സംഭവശേഷം കുടുംബാംഗങ്ങൾ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു.