India

എണ്ണിയപ്പോൾ അഞ്ച് ലക്ഷം വോട്ട് അധികം; ഫലത്തിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് കോടതിയെ സമീപിച്ചു

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പൊരുത്തക്കേടെന്ന് ആരോപണം. വിവരങ്ങളുടെ വിശകലനത്തിലാണ് എണ്ണിയ വോട്ടുകളും പോൾ ചെയ്ത വോട്ടുകളും തമ്മിൽ അന്തരം കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ പോൾ ചെയ്തത് 64,088,195 വോട്ടുകളാണ്. എന്നാൽ, എണ്ണിയ ആകെ വോട്ടുകൾ 64,592,508 ആണ്. മൊത്തം വോട്ടിനെക്കാൾ 5,04,313 വോട്ടുകൾ അധികമാണിത്. ഫലത്തിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് കോടതിയെ സമീപിച്ചു.

അതേസമയം, എട്ട് മണ്ഡലങ്ങളിൽ എണ്ണപ്പെട്ട വോട്ടുകൾ പോളിങ് കണക്കുകളെക്കാൾ കുറവാണ്. ശേഷിച്ച 280 മണ്ഡലങ്ങളിൽ വോട്ടുകൾ പോളിങ്ങിനെക്കാൾ കൂടുതലായിരുന്നു. പോളിങ്ങിനെക്കാൾ 4538 വോട്ടുകൾ അധികമായ അഷ്ഠി മണ്ഡലത്തിലാണ് ഏറ്റവും വലിയ അന്തരമുള്ളത്. ഒസ്മാനാബാദ് മണ്ഡലത്തിൽ 4155 വോട്ടുകളുടെ വ്യത്യാസമുണ്ട്.

2024 മേയിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതേ തരത്തിലുള്ള പൊരുത്തക്കേടുകൾ സംസ്ഥാനത്ത് കണ്ടെത്തിയിരുന്നു. വോട്ടർമാരുടെ പോളിങ് ഡാറ്റയും ഓരോ പോളിങ് സ്‌റ്റേഷനിലും പോൾ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്ന ‘ഫോം 17 സി’യും സംബന്ധിച്ച് അന്ന് തന്നെ സംശയങ്ങളുയർന്നിരുന്നു. ഈ സമയം രാഷ്ട്രീയ കക്ഷിരഹിത ലാഭേച്ഛയില്ലാതെ തെരഞ്ഞെടുപ്പ്, രാഷ്ട്രീയ പരിഷ്‌കാരങ്ങൾക്കായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റീഫോർമ്‌സ് ഓരോ പോളിങ് ഘട്ടത്തിലും 48 മണിക്കൂറിനുള്ളിൽ പോളിങ് സ്‌റ്റേഷൻ കേന്ദ്രീകരിച്ചുള്ള വോട്ടർ കണക്കുകൾ പുറത്തുവിടാൻ സുപ്രിംകോടതിയിൽ അപേക്ഷിച്ചിരുന്നു. തുടക്കം മുതൽ അവസാനഘട്ടം വരെയുള്ള പോളിങ് കണക്കുകൾ തമ്മിലെ പൊരുത്തക്കേട് അഞ്ച് മുതൽ ആറ് ശതമാനം വരെയാണെന്ന് അന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.