മലയാളി പ്രേക്ഷകരുടെ മനസ്സിൽ എല്ലാകാലത്തും അഭിമാനമായി മാറിയ നടിയാണ് നയൻതാര അടുത്തകാലത്ത് വളരെയധികം വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് നയൻതാര എന്ന നിസംശയം പറയാൻ സാധിക്കും. ഇതിലും വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടും പലപ്പോഴും യാതൊരു വിധത്തിലും നയൻതാര പ്രതികരിച്ചട്ടില്ല ചില കാര്യങ്ങളിൽ താൻ പ്രതികരിക്കില്ല എന്ന് നയൻതാര തന്നെ തീരുമാനിച്ചതുപോലെയാണ് താരത്തിന്റെ ചില രീതികൾ പഴയ ഒരു അഭിമുഖത്തിൽ ഇത്തരത്തിലുള്ള ചില കാര്യങ്ങളെക്കുറിച്ച് നയൻസ് തന്നെ തുറന്നുപറയുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ നയൻതാരയെ കുറിച്ച് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അനുചന്ദ്ര എന്ന വ്യക്തി പങ്കുവയ്ക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…
ഞാൻ ഒൻപതിൽ പഠിക്കുന്ന കാലത്ത് നയൻതാരക്കെതിരായി തമിഴ്സ്ത്രീകൾ നിരത്തിലിറങ്ങി പ്രതിഷേധിച്ചതിന്റെ ചെറിയൊരു ഓർമ്മയെനിക്കുണ്ട്. വല്ലവന്‍ സിനിമയുടെ പോസ്റ്ററിൽ, നയൻതാരയുടെയും ചിമ്പുവിന്റെയും ചുംബനം – അതായിരുന്നു വിവാദത്തിന് കാരണം. അക്കാലത്തെ സകലമാന സിനിമാ വാരികകളും മാസികകളും എന്റെ വീട്ടിൽ സ്ഥിരമായത് കാരണം അത്തരം സിനിമാവാർത്തകളൊക്കെ എനിക്ക് കിട്ടാൻ എളുപ്പവുമായിരുന്നു. നയൻതാരയുടെ പോസ്റ്റർ വലിച്ചു കീറുകയും, ചൂലും പിടിച്ചു പൊതുനിരത്തിലിറങ്ങിയ സ്ത്രീകൾ അവരുടെ പോസ്റ്ററിന് നേരെ ചാണകവെള്ളമൊഴിക്കുകയും ചെയ്‍തതായ കാര്യങ്ങളൊക്കെ അന്ന് ഞാൻ വായിച്ചിട്ടുണ്ട്. ഒരു ദിവസം സ്കൂൾ ബസ്സ്, കൊണ്ടോട്ടിയിലെ ജനതാ ബസാറിനടുത്തു നിർത്തിയപ്പോൾ ചുമരിൽ പാതി കീറി പറിച്ച വല്ലവന്റെ പോസ്റ്റർ ഞാനും കണ്ടു. അന്ന് കൂടെയുള്ള പെൺകുട്ടി പറഞ്ഞു ; അയ്യേ എന്തൊരു മോശം സ്ത്രീയാലേ അവരെന്ന്. പിന്നീടവിടന്നങ്ങോട്ട് അവരുടെ ജീവിതത്തെ ഓഡിറ്റ് ചെയ്തു ചെയ്തു ഒരായിരം തവണയവർ മോശക്കാരിയായി. ഒന്നിലേറെ പ്രണയം വന്നത് കാരണമവർ സമൂഹത്തിലെ ഏറ്റവും വലിയ കണ്ണിൽക്കരടായി. നമ്മളൊക്കെയാണെങ്കിൽ ഇടയ്ക്കിടെ വെറും കേൾവിക്കാരും – ഇടക്കൊക്കെ ക്രൂരരായ ആസ്വാദകരുമായി.
നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററിയിലവരുടെ അമ്മ പറയുന്നുണ്ട് ഒരു കാലത്തവരുടെ മാനസികാവസ്ഥ കണ്ട ആ അമ്മ ഭയന്നു പോയിട്ടുണ്ടെന്ന്.ഒപ്പമുള്ളവരൊക്കെ ചതിക്കുന്നു. മാനസികമായി തകർക്കുന്നു. ആത്മവിശ്വാസത്തിന് മുറിവേൽപ്പിക്കുന്നു. മോശം പെണ്ണെന്ന പേര് ചാർത്തുന്നു. സമൂഹത്തിന്റെ ഏറിയ പങ്കും അവർക്കെതിരാകുന്നു.തകർന്നടിയാൻ ഇതൊക്കെ തന്നെ ധാരാളമാണ്. പക്ഷെ അവർ തകർന്നടിഞ്ഞില്ല. ചാക്രികമായി പുനരുജ്ജീവിപ്പിക്കുകയും അല്ലെങ്കിൽ വീണ്ടും ജനിക്കുകയും ചെയ്യുന്ന അനശ്വര പക്ഷിയായ ഫീനിക്സ്നെ പോലവർ ഉയർത്തെഴുന്നേറ്റു. ഒരിക്കലവർക്ക് നേരെയായി പ്രതിഷേധം നടത്തിയതും, അവരുടെ പോസ്റ്ററിന് നേരെയായി ചാണകവെള്ളമൊഴിച്ചതുമായ അതേ മനുഷ്യരെ കൊണ്ടെല്ലാം അവരൊരു ദേവതയാണെന്നും, അവരാണ് ലേഡി സൂപ്പർ സ്റ്റാറെന്നും പറയിപ്പിച്ചു.ലോകത്തോട് മൊത്തത്തിലായി ‘Never ever give up’ എന്നുച്ചതിൽ വിളിച്ചു പറഞ്ഞു ഉപദേശം നൽകാൻ പ്രാപ്തിയുള്ള ലെവലിൽ അവർ ഉയർന്നു.
സകലവന്മാരും കമന്റ് ബോക്സിൽ വിളിച്ചു പറയുന്ന പോലെ അവർ അഹങ്കാരിയാവട്ടെ, സ്വന്തം കല്യാണം വിറ്റ് പണമാക്കട്ടെ, പ്രൊഡ്യൂസറോട് പലതും ഡിമാൻഡ് ചെയ്യട്ടെ , സ്വന്തം കുഞ്ഞുങ്ങളെ പ്രസവിക്കാൻ മറ്റൊരാളെ കണ്ടെത്തട്ടെ..അതിലൊക്കെ എന്താ തെറ്റ് ? നിലത്തു വീണു കിടന്ന് പെണ്ണ് ഉയർത്തെഴുന്നേറ്റ് നേടിയതാണ് അതെല്ലാം..കഷ്ടപ്പെട്ട് അധ്വാനിച്ചും മനോവീര്യം കൈമുതലായെടുത്തും പിടിച്ചടക്കിയതാണ് അതെല്ലാം. അവർക്ക് ഡിമാൻഡ് ചെയ്യാം, അഹങ്കാരം കാണിക്കാം, കല്യാണം വിറ്റ് പണമാക്കാം, വാടകക്ക് മറ്റൊരു ഗർഭപാത്രവും കണ്ടെത്താം.
അതൊക്കെ അവർ പടുത്തുയർത്തിയ നേട്ടങ്ങൾക്ക് മുകളിൽ നിന്നുകൊണ്ടുള്ള അവരുടെ ഏറ്റവും വലിയ കോൺഫിഡൻസാണ്. ഞാൻ പറഞ്ഞില്ലേ, അവർ തകർന്നടിയാൻ പാകമുള്ള സ്ത്രീയായിരുന്നു. അവരെ ചവിട്ടിക്കൂട്ടി കാൽച്ചുവട്ടിൽ വെച്ചു ഞെരിച്ചമർത്താൻ എത്രയെത്രയോ ആളുകൾ ശ്രമിച്ചു. പക്ഷെ ഉയർത്തെഴുന്നേൽക്കണമെന്ന് എപ്പോൾ മുതലവർ തീരുമാനിച്ചോ അന്ന് മുതൽ അവർ ‘നയൻതാര’യായി മാറി. തെന്നിന്ത്യൻ റാണിയായി മാറി. അവർ പറഞ്ഞത് ആയിരങ്ങളുടെ മനസ്സിലും തറഞ്ഞു കയറി. അതിങ്ങനെയായിരുന്നു ;
Never ever give up in your life because life is so beautiful today you might have lot of issues but one day God will give you good life so “Be true to yourself “