ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്. തേക്കടിയിൽ നിന്നും വടക്കുകിഴക്കായി കുമളി മൂന്നാം റോഡിൽ നെടുങ്കണ്ടത്ത് നിന്ന് 16 കിലോ മീറ്റർ ഉള്ളിലാണ് ഈ മനോഹരസ്ഥലം. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ ഒരു സിനിമാ ക്യാൻവാസിന്റെ വിശാല ഫ്രെയിം ഒരുക്കിയ പോലെയാണ് രാമക്കൽമേട് നിൽക്കുന്നത്. രാമക്കൽമേടിന്റെ നെറുകയ്യിലെത്തിയാൽ കാറ്റ് തിരയായും കാഴ്ച കടലായും നമ്മെ തഴുകി മറയും. നീളൻ പുല്ലുകൾ വളർന്ന് വളഞ്ഞു നിൽക്കുന്ന ഒറ്റയടിപ്പാത കയറിവരുമ്പോൾ കുന്നുകൾ നിറയെ കടും നിറത്തിലുള്ള കാട്ടുപുഷ്പങ്ങൾ കാണാം. മഞ്ഞിനെ വകഞ്ഞ് മാറ്റി മുന്നോട്ട് നടക്കുമ്പോൾ ദൂരെ താഴ്വാരത്ത് ഗ്രാമങ്ങളും കൃഷിയിടങ്ങളും നീണ്ടു പരന്ന് ഒരു കയ്യകലത്തിൽ എന്ന പോലെ കിടക്കുന്നുണ്ടാകും. എപ്പോഴും വീശിയടിക്കുന്ന കുളിര്‍കാറ്റും തമിഴ്‌നാടിന്റെ വിദൂരക്കാഴ്ചയുമൊക്കെയായി അതിമനോഹരമായ അനുഭവം സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്ന ഇടമാണ് രാമക്കല്‍മേട്. വിമാനയാത്രയില്‍ താഴേക്ക് നോക്കുമ്പോള്‍ കാണുന്ന കാഴ്ചയുടെ അതേ അനുഭൂതിയായിരിക്കും ഇവിടെ എത്തിയാല്‍ നിങ്ങള്‍ക്ക് ഉണ്ടാവുക. മഞ്ഞുകാലങ്ങളിൽ തന്നെയാണ് രാമക്കൽമേട് കൂടുതൽ സുന്ദരിയാകുന്നത്. മലയുടെ അറ്റത്ത് താഴ്വാരത്തേക്ക് കണ്ണും നട്ട് ഇരിക്കുന്ന കുറവന്‍കുറത്തി പ്രതിമയും മഴമുഴക്കി വേഴാമ്പലിന്റെ രൂപത്തിലുള്ള വാച്ച് ടവറും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
രാമക്കൽമേടിലെ പാറയിൽ വലിയൊരു കാൽപാദത്തിന്റെ ആകൃതി കാണാം. രാമക്കൽമേടിന് ഈ പേര് ലഭിച്ചതിന് പിന്നിലെ ഐതീഹ്യത്തിന്റെ തുടക്കവും ഇത് തന്നെയാണ്. സീതയെ അന്വേഷിക്കുന്ന കാലത്ത് രാമൻ ചവിട്ടിയ പാടാണെന്ന വിശ്വാസത്തിൽ ഈ സ്ഥലത്തിന് രാമക്കൽമേട് എന്ന് പേരു വീണു എന്നാണ് വിശ്വാസം. ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട് സന്ദര്‍ശിച്ച് നടി അനാര്‍ക്കലി മരക്കാര്‍. രാമക്കല്‍മേട്ടിലെ യാത്രാനുഭവം ഒരു വീഡിയോ ആയി. മൂന്നാറില്‍ നിന്ന് എഴുപതും തേക്കടിയില്‍ നിന്ന് 43 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ഇടുക്കിയിലെ പ്രധാനനഗരമായ കട്ടപ്പനയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.