കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി രാജ്യത്ത് ആദ്യമായി തുടങ്ങുന്ന സ്‌പോര്‍ട്സ് ലീഗിന്റെ വിശദമായ പ്രഖ്യാപനവും ആദ്യ സ്‌പോട്‌സ് ക്ലബ് ഉദ്ഘാടനവും ബുധനാഴ്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കും. കോളേജ് ലീഗിന്റെ പ്രഖ്യാപനം കായിക മന്ത്രി വി അബ്ദുറഹിമാനും സ്‌പോര്‍ട്‌സ് ക്ലബ് ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവും നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ വി കെ പ്രശാന്ത് എം എല്‍എ അദ്ധ്യക്ഷനാകും. കോളേജ് ലീഗിന്റെ ലോഗോ പ്രകാശനം 21ാം തീയതു നടന്നിരുന്നു. കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ ചേര്‍ന്ന് ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, കബഡി ഇനങ്ങളിലാണ് കോളേജ് ലീഗ് സംഘടിപ്പിക്കുക. കൗമാരക്കാരുടെ കായികപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ശാരീരിക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുക, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂട്ടായ്മ വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണിത്.
സംസ്ഥാനത്തെ കോളേജുകളെ നാല് മേഖലകളായി തിരിച്ച് മൂന്ന് മുതല്‍ ആറുമാസം വരെ നീളുന്ന ലീഗാണ് നടത്തുക.’പ്രൊഫഷണല്‍ ലീഗുകളുടെ മാതൃകയില്‍ ഹോം ആന്റ് എവേ മത്സരങ്ങളാണ് നടക്കുക. ജില്ലതല സമിതികളാണ്് കോളേജ് ലീഗിനുള്ള ടീമുകളെ തിരഞ്ഞെടുക്കുക. ഓരോ മേഖലയില്‍ നിന്നും മുന്നിലെത്തുന്ന നാല് ടീമുകള്‍ സംസ്ഥാന ലീഗില്‍ മത്സരിക്കും. കോളേജ് ലീഗിന്റെ ഭാഗമായാണ് എല്ലാ കോളേജിലും സ്‌പോര്‍ട്‌സ് ക്ലബ് തുടങ്ങുന്നത്. സ്‌പോര്‍ട്‌സ് ക്ലബുകളെ ഏകോപിപ്പിക്കാന്‍ ജില്ലാതല കമ്മിറ്റി ഉണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കായിക മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വൈസ് ചാന്‍സലര്‍മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയാകും ഭരണ നിര്‍വഹണ സമിതി.
മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാന സൗകര്യവികസനവും ലക്ഷ്യമിടുന്നു. ഭാവിയില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തും. സ്‌പോര്‍ട്‌സ് ക്ലബുകള്‍ക്ക് ഭാവിയില്‍ സ്വന്തം നിലയില്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന രീതിയിലാണ് ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ കോളേജുകളെ വഴിയൊരുക്കും. കോളേജ് ലീഗില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് പൊഫഷണല്‍ ലീഗിലേക്കും വഴിയൊരുങ്ങും.