Controversy over the age of 13-year-old Vaibhav Suryavanshi, who was acquired by Rajasthan Royals
ലേലത്തിന്റെ രണ്ടാംദിനത്തില്‍ ബിഹാറില്‍നിന്നുള്ള അദ്ഭുത ബാലനെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ ചെലവിട്ടത് 1.10 കോടി രൂപ. രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ പതിമൂന്നുകാരന്‍ വൈഭവ് സൂര്യവംശിയുടെ പ്രായവുമായി ബന്ധപ്പെട്ട് വിവാദത്തില്‍ പ്രതികരിച്ച് പിതാവ്. വൈഭവിനു 13 വയസ്സേയുള്ളൂവെന്ന് പറയുന്നത് തട്ടിപ്പാണെന്ന ഒരു വിഭാഗം ആളുകളുടെ ആരോപണം തള്ളി പിതാവ് സഞ്ജീവ് സൂര്യവംശി രംഗത്തെത്തി. വൈഭവ് ബിസിസിഐയുടെ പ്രായപരിശോധനയ്ക്ക് വിധേയനായിട്ടുള്ള താരമാണെന്നും ഇനിയും പരിശോധനയ്ക്ക് വിധേയനാകാന്‍ മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
”എട്ടര വയസ്സുള്ള സമയത്ത് അവന്‍ ബിസിസിഐയുടെ പ്രായപരിശോധനയ്ക്ക് വിധേയനായതാണ്. ഇന്ത്യയ്ക്കു വേണ്ടി ഇതിനകം അണ്ടര്‍ 19 ടീമിലും അവര്‍ കളിച്ചുകഴിഞ്ഞു. ഞങ്ങള്‍ക്ക് ആരെയും ഭയമില്ല. വീണ്ടും പരിശോധനയ്ക്ക് വിധേയനാകുന്നതിനും എതിര്‍പ്പില്ല’ – വൈഭവിന്റെ പിതാവ് സഞ്ജീവ് സൂര്യവംശി പറഞ്ഞു.
”എന്റെ മകന്റെ കഠിനാധ്വാനത്തിനു ലഭിച്ച പ്രതിഫലമാണിത്. എട്ടു വയസ് പ്രായമുള്ളപ്പോള്‍ത്തന്നെ അവന്‍ ജില്ലാ തലത്തില്‍ അണ്ടര്‍ 16 വിഭാഗത്തില്‍ തിളങ്ങിയിരുന്നു. ഞാനാണ് അവനെ ക്രിക്കറ്റ് പരിശീലനത്തിനായി സമസ്തിപ്പുരിലേക്ക് കൊണ്ടുപോയിരുന്നത്. അതിനായി സ്ഥലം പോലും വിറ്റു. ഇപ്പോഴും സാമ്പത്തിക പ്രയാസങ്ങളുണ്ട്’ – സഞ്ജീവ് പറഞ്ഞു.
ലേലത്തിന്റെ രണ്ടാംദിനത്തില്‍ ബിഹാറില്‍നിന്നുള്ള അദ്ഭുത ബാലനെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ ചെലവിട്ടത് 1.10 കോടി രൂപ. 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരെ കഴിഞ്ഞമാസം സെഞ്ചറി നേടിയ വൈഭവ്, രാജ്യാന്തര മത്സരത്തില്‍ മൂന്നക്കം കടക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു. ഒരു ഐപിഎല്‍ ടീമില്‍ അംഗമാകുന്ന പ്രായംകുറഞ്ഞ താരമെന്ന നേട്ടവും ഇന്നലെ വൈഭവിന് സ്വന്തമായി.