പല്ലിനും താടിയെല്ലിനും ചുറ്റുമുള്ള വേദനയാണ് പൊതുവേ പല്ലുവേദന എന്ന് അറിയപ്പെടുന്നത്. പല്ലുവേദനയ്ക്ക് കാരണങ്ങൾ പലതാണ്. അണുബാധ, പല്ല് ശോഷിക്കുന്നത്, ഫില്ലിംഗിന്റെ കുഴപ്പങ്ങൾ, മോണ കുറയൽ എന്നിവയൊക്കെ പല്ലു വേദനയുടെ പല കാരണങ്ങൾ ആണ്. വേദന ഒന്നു രണ്ടു ദിവസം നീണ്ടുനിൽക്കുകയാണെങ്കിൽ ദന്തഡോക്ടറെ അടിയന്തിരമായി കാണേണ്ടതാണ്. അതുവരെ വീട്ടിൽ തന്നെ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷിച്ചു നോക്കാവുന്ന ചില പൊടികൈകൾ എന്തൊക്കെയാണെന്ന് നോക്കാം.
മുറിവ്, മോണ വീക്കം എന്നിവ കാരണമുള്ള വേദനയാണെങ്കിൽ ഐസ് പാക്ക് വയ്ക്കുന്നത് വലിയൊരു ആശ്വാസം നൽകും. വേദനിക്കുന്ന പല്ലിന്റെ ഭാഗത്തുള്ള കവിളിന്റെ പുറത്തായി ഐസ് പാക്ക് ഇടനേരങ്ങളിൽ വയ്ക്കാവുന്നതാണ്. ഇങ്ങനെ തണുപ്പ് പ്രയോഗിക്കുന്നത് വഴി, പ്രശ്നമുള്ള ഭാഗത്തേക്കുള്ള രക്തക്കുഴലുകൾ ചുരുങ്ങുകയും രക്തയോട്ടം കുറയുകയും അങ്ങനെ വേദനയ്ക്കും നീരിനും അയവ് ഉണ്ടാവുകയും ചെയ്യും.
ഉപ്പിട്ട ചൂടുവെള്ളം ഉപയോഗിച്ച് കുലുക്കുഴിഞ്ഞ് തുപ്പുന്നതിലൂടെ പല്ലുകൾക്കിടയിലും പോടുകളിലും പറ്റികിടക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു. വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകൾ ഭേദമാക്കാനും തൊണ്ട വേദനയ്ക്ക് ശമനമുണ്ടാക്കാനും ചൂടുള്ള ഉപ്പുവെള്ളം ഉപയോഗപ്രദമാണ്. ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് കലക്കണം. 30 സെക്കൻഡ് സമയം വായിൽ കുലുക്കുഴിഞ്ഞ ശേഷം തുപ്പിക്കളയണം. പല്ലുവേദനയുള്ളവർ ദിവസേന ഇടയ്ക്കിടെ ഈ പ്രക്രിയ തുടരാവുന്നതാണ്.
അസെറ്റാമിനോഫെൻ അല്ലെങ്കിൽ ഐബുപ്രൊഫെൻ പോലുള്ള വേദന സംഹാരികൾ കഴിക്കുന്നത് വേദനയ്ക്ക് താത്കാലിക ശമനമുണ്ടാക്കും. മറ്റൊരു മരുന്നായ ആസ്പിരിൻ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.
കർപ്പൂരതുളസി അല്ലെങ്കിൽ പുതിനാച്ചെടിക്ക് ഗ്രാമ്പൂവിനെ പോലെ വായിൽ മരവിപ്പ് സൃഷിക്കാനുള്ള കഴുവുണ്ട്. ഇത് പല്ല് വേദനയ്ക്ക് ആശ്വാസം നൽകുന്നു. കൂടാതെ ഇതിലുള്ള കർപ്പൂരം അഥവാ മെന്തോൾ അണുനാശക സ്വഭാവമുള്ളതുമാണ്.
ഉണങ്ങിയ കർപ്പൂരതുളസി ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തിലിട്ട ശേഷം 20 മിനിറ്റ് കാത്തിരിക്കുക . അതിന് ശേഷം ആ വെള്ളം വായിൽ കുറച്ച് മിനിറ്റുകൾ കുലുക്കുഴിഞ്ഞ ശേഷം തുപ്പി കളയുകയോ അകത്തേക്ക് കുടിച്ചിറക്കുകയോ ചെയ്യാം. അതുപോലെതന്നെ കർപ്പൂരതുളസിയുടെ എണ്ണ കോട്ടൺ ബോളിലോ പഞ്ഞിയിലോ എടുത്ത ശേഷം വേദനയുള്ള ഭാഗത്ത് കുറച്ച് നേരം വയ്ക്കുന്നത് വേദനയ്ക്ക് താത്കാലിക ശമനം തരും.