Features

കടയില്‍ നിന്നും ചോക്ലേറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ

നമ്മള്‍ കടയില്‍ നിന്നും ചോക്ലേറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതുപോലെ തന്നെ ഇത് സൂക്ഷിക്കാനും ചില വഴികളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ചോക്ലേറ്റ് കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റില്‍, പ്രത്യേകിച്ച് 70% കൊക്കോ അടങ്ങിയ ചോക്ലേറ്റില്‍, ഫിനോളിക് സംയുക്തങ്ങളുടെ ഉയര്‍ന്ന അളവ് അടങ്ങിയിരിക്കുന്നു. ഫിനോലിക് സംയുക്തങ്ങള്‍ ആന്റിഓക്സിഡന്റുകളാണ്. അവ ശരീരത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകള്‍ കോശങ്ങളെ കേടുവരുത്തുകയും രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന സ്ഥിരതയില്ലാത്ത തന്മാത്രകളാണ്. അതുപോലെ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ ലക്ഷണങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് മെമ്മറിയും പഠനവും മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് കോഗ്നിറ്റീവ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഓര്‍മ്മശക്തി കുറയാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ, ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. ഇത് പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ഉത്പാദനം കുറയ്ക്കുകയും വേദന അനുഭവിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് സന്തോഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് ഡോപാമൈന്‍, സെറോടോണിന്‍ എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ചേക്ലേറ്റ് വാങ്ങിയാല്‍ അത് കൃത്യമായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ വേഗത്തില്‍ തന്നെ കേടായി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. കേടായ ചോക്ലേറ്റ് കഴിച്ചാല്‍ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും കാരണമാകുന്നുണ്ട്. അതിനാല്‍ നമ്മള്‍ ചോക്ലേറ്റ് വാങ്ങുന്നതിന് മുന്‍പ് ആദ്യം തന്നെ അതിന്റെ കാലാവധി കഴിഞ്ഞതാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഒരു ദിവസം മാത്രം കാലാവധി കഴിയാന്‍ ബാക്കിയുള്ളൂ എങ്കിലും ആ ചോക്ലേറ്റ് വാങ്ങാതിരിക്കുന്നതാണ് നല്ലത്. അതുപോലെ എത്രനാള്‍ വരെ നമ്മള്‍ വാങ്ങിയ ചോക്ലേറ്റ് സൂക്ഷിക്കാന്‍ സാധിക്കും എന്നും നമ്മള്‍ പരിശോധിക്കണം.നല്ല ഈര്‍പ്പം നിലനില്‍ക്കുന്ന സ്ഥലത്ത് ഒരിക്കലും ചോക്ലേറ്റ് സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ഈര്‍പ്പം തട്ടിയാല്‍ ഇതില്‍ പൂപ്പല്‍ വരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍, തണുപ്പുള്ളതും വരണ്ടതുമായ സ്ഥലത്ത് ചോക്ലേറ്റ് സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് ചോക്ലേറ്റ് അലിഞ്ഞ് പോകാതിരിക്കാനും വളരെയധികം സഹായിക്കും.