Food

തണുപ്പ് അകറ്റാൻ ഒരു ചൂടൻ മിക്സഡ് വെജിറ്റബിള്‍ സൂപ്പ് ഉണ്ടാക്കിയാലോ ?

മഴയും മഞ്ഞും കലർന്നു നിൽക്കുന്ന ഇപ്പോഴത്തെ കാലാവസ്ഥയിൽ രോ​ഗങ്ങൾ പെട്ടെന്ന് പിടിപെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പ്രായമായവരും കുട്ടികളും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്. തണുപ്പിനെ പ്രതിരോധിക്കാൻ സൂപ്പുകൾ എപ്പോഴും ബെസ്റ്റാണ്. അത് പച്ചക്കറികള്‍ യോജിപ്പിച്ചുള്ളതാകുമ്പോള്‍ ഏറെ മികച്ചതായിരിക്കും. ഏത് പ്രായക്കാർക്കും പ്രമേഹം പോലുള്ള രോഗങ്ങളുള്ളവര്‍ക്കും രുചിയോടെ കഴിക്കാവുന്ന മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

തക്കാളി
ക്യാരറ്റ്
​ഗ്രീന്‍ പീസ്
ബീന്‍സ്
കോവയ്ക്ക
ഉപ്പ്
ജീരകപ്പൊടി – അര ടീസ്പൂണ്‍
കുരുമുളക് പൊടി – അര ടീസ്പൂണ്‍
ഓയില്‍ – ഒരു ടീസ്പൂണ്‍
കറിവേപ്പില

തയ്യാറാക്കുന്ന രീതി

പച്ചക്കറികളെല്ലാം ചെറുതായി അരിഞ്ഞത് മൂന്ന് കപ്പ് എടുക്കുക. ഇവയെല്ലാം ഒരു പ്രഷര്‍ കുക്കറില്‍ രണ്ട് കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കാം. പച്ചക്കറികൾ നന്നായി വെന്ത ശേഷം ഇവ ഉടച്ചെടുക്കുക. ഇതിലേക്ക് അൽപം എണ്ണയും കറിവേപ്പിലയും ജീരകപ്പൊടിയും കുരുമുളക് പൊടിയും ചേര്‍ക്കാം. ഓയിൽ ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് ഒഴിവാക്കാവുന്നതേയുള്ളൂ. ആവശ്യമെങ്കില്‍ അല്‍പം ഉപ്പ് കൂടി ചേര്‍ക്കാം. ആരോഗ്യപ്രദമായ ‘മിക്സഡ് വെജിറ്റബിള്‍ സൂപ്പ്’ ഇങ്ങനെ തയ്യാറാക്കി ചൂടോടെ തന്നെ കുടിക്കാം.