ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ എഐ ലോകത്തെ ഏറ്റവും വിസ്‌മയാവഹമായ കണ്ടുപിടിത്തങ്ങളില്‍ ഒന്നാണെങ്കിലും ഈ സാങ്കേതികവിദ്യയെ കുറിച്ച് പരക്കെ ആശങ്കയുമുണ്ട്. ഈ ആശങ്ക പെരുപ്പിക്കുന്ന ഒരു വാര്‍ത്ത അമേരിക്കയില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. 18 വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്‌ത് നിര്‍മിച്ച ചാറ്റ്‌ബോട്ടിനെ പെണ്‍കുട്ടിയുടെ പിതാവ് തന്നെ കണ്ട് അമ്പരന്ന സംഭവമാണിത്. 2006ല്‍ ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ തന്‍റെ മുന്‍ കാമുകനാല്‍ കൊല്ലപ്പെട്ടതായിരുന്നു ജെന്നിഫര്‍ എന്ന പെണ്‍കുട്ടി. അതായത് 18 വര്‍ഷം മുമ്പ് നടന്ന ദാരുണമായ സംഭവം. എന്നാല്‍ 2024 ഒക്ടോബറില്‍ ജെന്നിഫറിന്‍റെ പിതാവ് ഡ്രൂ കെസന്‍റിന് ഒരു ഗൂഗിള്‍ നോട്ടിഫിക്കേഷന്‍ ലഭിച്ചു.
നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്ത ഡ്രൂ കെസന്‍റ് ഞെട്ടി. മകളായ ജെന്നിഫറിന്‍റെ പേരും ഫോട്ടോയും ചേര്‍ത്ത് നിര്‍മിച്ച എഐ പ്രൊഫൈലായിരുന്നു അത്. കൃത്രിമവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ജീവചരിത്രവും ഈ എഐ പ്രൊഫൈലില്‍ ചേര്‍ത്തിരുന്നു. ജെന്നിഫര്‍ വീഡിയോ ഗെയിം ജേണലിസ്റ്റാണ്, സാങ്കേതിക വിദഗ്ധയാണ് എന്നിങ്ങനെ നീളുന്നു ജീവചരിത്രത്തിലെ വിവരങ്ങള്‍. പതിനെട്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട തന്‍റെ മകളുടെ പേരും ചിത്രവും സഹിതമുള്ള എഐ പ്രൊഫൈല്‍ കണ്ട പിതാവ് ഡ്രൂ കെസന്‍റ് പരിഭ്രാന്തനായി. എന്‍റെ ഹൃദയമിടിപ്പ് അസാധാരണമാം വിധം കൂടി എന്നാണ് ക്രസന്‍റ് ആ നിമിഷത്തെ കുറിച്ച് വിവരിക്കുന്നത്.
2006ല്‍ കൊല്ലപ്പെട്ട ജെന്നിഫറിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ സംഭവിച്ചത് ഇതാണ്… ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ വഴി സൃഷ്ടിക്കുന്ന എഐ-ജനറേറ്റഡ് വ്യക്തികളുമായി സംവദിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന ക്യാരക്‌ടര്‍.എഐ എന്ന പ്ലാറ്റ്‌ഫോം ജെന്നിഫറിന്‍റെ പേരും ചിത്രവും ദുരുപയോഗം ചെയ്‌ത് ഒരു ചാറ്റ്‌ബോട്ട് നിര്‍മിക്കുകയായിരുന്നു. പിതാവിന്‍റെ അനുമതിയില്ലാതെ ജെന്നിഫറിന്‍റെ പേരും ചിത്രവും ക്യാരക്‌ടര്‍.എഐ പ്ലാറ്റ്‌ഫോമില്‍ ആരോ ഉപയോഗിച്ചു. എന്നാല്‍ ആരാണ് ഈ ചാറ്റ്‌ബോട്ടിനെ സൃഷ്ടിച്ചത് എന്ന് വ്യക്തമല്ല. വിവാദമായതിന് പിന്നാലെ വെബ്‌സൈറ്റില്‍ നിന്ന് ജെന്നിഫറിന്‍റെ പേരിലുള്ള ചാറ്റ്‌ബോട്ടിനെ നീക്കം ചെയ്‌തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എഐ വളരെ സെന്‍സിറ്റീവായ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെയും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനെയും കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ലോകത്ത് ഉയര്‍ത്തുന്നതായി സൈബര്‍ വിദഗ്ധര്‍ ഈ സംഭവത്തോട് പ്രതികരിക്കുന്നു.
STORY HIGHLLIGHTS: shocking-incident-girl-murdered-in-2006-was-revived-as-ai-character