Kerala

പന്തിരാങ്കാവ് ഗാർഹിക പീഡനക്കേസ്: ‘മകൾ നേരിട്ടത് ക്രൂര മർദനം, രാഹുല്‍ സൈക്കോപാത്ത്’

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതിയും മരുമകനുമായ രാഹുൽ ക്രൂരനാണെന്ന് ഇരയായ പെൺകുട്ടിയുടെ പിതാവ്. മകൾ നേരിട്ടത് ക്രൂര മർദ്ദനമാണ്. മർദനം സംബന്ധിച്ച് മകൾ യുട്യൂബ് ചാനലിൽ വന്നു പറഞ്ഞതെല്ലാം എഴുതി കൊടുത്തതാണ്. പരാതിയിൽ ഉറച്ചുനിൽക്കുന്നു. രാഹുൽ രക്ഷപ്പെടാൻ പാടില്ല, ശിക്ഷിക്കപ്പെടണം. രാഹുൽ സൈക്കോപാത്താണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

”ചുണ്ട് പൊട്ടിയിട്ടുണ്ട്. കണ്ണിന് പരിക്കുണ്ട്. രാഹുല്‍ തലയ്ക്ക് ഇടിച്ചെന്ന് അവള്‍ പറഞ്ഞു. ഞങ്ങള്‍ ചെന്നതിന് ശേഷമാണ് സിടി സ്കാനെടുത്തതും എക്സറേ എടുത്തതും. കേസ് ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ ഇന്നലെ വരെ മോശമായിരുന്ന ഒരാള്‍ നന്നായി ജീവിക്കുകയാണെങ്കില്‍ ജീവിച്ചോട്ടെ എന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. മകള്‍ പരാതിയില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ്. ഇനി അവന്‍റെയൊപ്പം ഒരിക്കല്‍ പോലും മകള്‍ തയ്യാറല്ല. കാരണം അവള്‍ക്കൊരു അബദ്ധം പറ്റി. അവന്‍റെ ഭീഷണികൊണ്ടാണ് അവള്‍ നേരത്തെ അങ്ങനെ പറഞ്ഞത്. അതില്‍ ദുഃഖമുണ്ട്” പിതാവ് കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരിക്ക് വീണ്ടും മർദനമേറ്റതിൽ ഭർത്താവ് രാഹുല്‍ പി. ഗോപാലിനെതിരെ വധശ്രമത്തിനും ഭര്‍‌തൃപീഡനത്തിനും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കണ്ണിനും ചുണ്ടിനും കഴുത്തിനും പരിക്കുമായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലും ആംബുലന്‍സിലും വെച്ച് രാഹുല്‍ മര്‍ദ്ദിച്ചെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ആദ്യം പരാതിയില്ലെന്ന് പറഞ്ഞെങ്കിലും രക്ഷിതാക്കള്‍ എത്തിയതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ആശുപത്രി വിട്ട യുവതിയുടെ മൊഴി പന്തീരാങ്കാവ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.

 

Latest News