World

ഇസ്രായേൽ – ലെബനൻ വെടിനിർത്തൽ പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് ലോകരാജ്യങ്ങൾ

ബെയ്റൂത്ത്: ലബനാനിൽ ഇസ്രായേൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ. പ്രാദേശിക സമയം ഇന്ന് പുലർച്ചെ നാല് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിലായി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ മന്ത്രിസഭയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു. 60 ദിവസത്തെ വെടിനിര്‍ത്തല്‍ പദ്ധതിപ്രകാരം ഹിസ്ബുല്ല തെക്കന്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങി ലിറ്റനി നദിയുടെ വടക്കോട്ടു പിന്‍മാറും. ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് ഇസ്രായേൽ സൈന്യത്തെ പിന്‍വലിക്കുകയും ചെയ്യും.

വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് പ്രഖ്യാപനം നടത്തിയത്. അതേസമയം, ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല. ലബനാന്‍ പാര്‍ലമെന്റ് ഇന്ന് വിഷയം ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ പദ്ധതിയെ ലോകനേതാക്കള്‍ സ്വാഗതം ചെയ്തു.

ഒരു വർഷത്തിനിടെ ലബനാനിലെ ഇസ്രായേൽ ആക്രമണത്തിൽ 3,700 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അധ്യക്ഷൻ ഹസൻ നസ്റുല്ല അടക്കമുള്ള ഹിസ്ബുല്ല നേതാക്കളും വധിക്കപ്പെട്ടു. അതേസമയം, ഹിസ്ബുല്ലയുമായി യുദ്ധത്തിന്റെ പൂർണ അന്ത്യമല്ല ഇതെന്നും ഇസ്രായേൽ പറയുന്നു. അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിൽ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. ലബനാന്റെ തെക്ക്, കിഴക്ക്, മധ്യ മേഖലകളിലാണ് വ്യാപക ആക്രമണം