സൺറൂഫ് ഇന്ന് ഇന്ത്യൻ കാർ വിപണിയിലെ ഏറ്റവും ആകർഷകമായ ഫീച്ചറുകളിലൊന്നാണ്. ചെറു കാറുകളിൽപോലും സൺറൂഫ് എന്ന ഫീച്ചർ വന്നു കഴിഞ്ഞു. ആളുകൾ വാഹനം വാങ്ങാനുള്ള പ്രധാനകാരണം തന്നെയായി ആകാശം കാണാനുള്ള ഈ ഫീച്ചർ. ശരിക്കും ഈ ഫീച്ചർ നമ്മുടെ കാറുകള്‍ക്ക് ആവശ്യമുണ്ടോ? തണുപ്പുള്ള രാജ്യങ്ങളിൽ ചൂടു പ്രകാശം വാഹനത്തിന്റെ അകത്തേയ്ക്ക് പ്രവേശിക്കുന്നതിനാണ് സൺറൂഫുകൾ നൽകിപോന്നത്. എന്നാൽ പിന്നീട് എല്ല തരം കാലവസ്ഥയുള്ള രാജ്യങ്ങളിലും സൺറൂഫുള്ള കാറുകൾ സർവ്വ സാധാരണമായി. ശരിക്കും നമ്മുടെ കാലവസ്ഥയ്ക്ക് ചേർന്നതാണോ സൺറൂഫുകൾ.
ഒറ്റ നോട്ടത്തില്‍ തന്നെ ആഡംബരം അനുഭവിപ്പിക്കുമെന്നതാണ് സണ്‍റൂഫുകളേയും പ്രത്യേകിച്ച് പനോരമിക് സണ്‍റൂഫുകളേയും വലിയ തോതില്‍ ജനകീയമാക്കിയത്. പിന്‍ സീറ്റുകളിലെ യാത്രകളില്‍ കൂടുതല്‍ വിശാലമായ കാഴ്ച്ചകള്‍കൊണ്ട് നിറക്കാന്‍ പനോരമിക് സണ്‍റൂഫുകള്‍ക്ക് സാധിച്ചു. സ്റ്റാന്‍ഡേഡ് ഇലക്ട്രിക് സണ്‍റൂഫുകളേക്കാള്‍ സ്വാഭാവികമായും പനോരമിക് സണ്‍റൂഫിന് ആരാധക പിന്തുണയും കൂടുതലായി. അപ്പോഴും കാറിന്റെ പ്രധാന ഭാഗമായ മുകള്‍ഭാഗത്തിന്റെ കരുത്ത് പനോരമിക് സണ്‍റൂഫുകള്‍ കുറക്കുമെന്ന ആശങ്കയും സജീവമാണ്.
ഇന്ത്യയെ പോലുള്ള ചൂടും പൊടിയും കൂടുതലുള്ള രാജ്യങ്ങളില്‍ സണ്‍റൂഫുകള്‍ തുറന്നിട്ട് യാത്ര ചെയ്യുന്നത് അത്ര പ്രായോഗികമല്ലെന്നതാണ് മറ്റൊരു കാര്യം. നഗരങ്ങളില്‍ മലിനീകരണങ്ങള്‍ക്കിടയില്‍ സണ്‍റൂഫ് തുറക്കാന്‍ അധികമാരും താല്‍പര്യപ്പെട്ടെന്നു വരില്ല. യാത്രകള്‍ക്കിടെ കുട്ടികളും മറ്റും സണ്‍റൂഫിലൂടെ തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതും വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. ഇത്തരം യാത്രകള്‍ക്ക് നിയമപരമായും അനുമതിയില്ല. ആഡംബരമെന്ന തോന്നലും വ്യത്യസ്ത അനുഭവവും സമ്മാനിക്കുമ്പോഴും കാറിന് അത്ര സുരക്ഷിതമല്ല സണ്‍റൂഫുകള്‍ എന്ന് തെളിയിക്കുന്ന സംഭവം ഉത്തര്‍പ്രദേശിലെ വരാണസിയിലാണ് ഉണ്ടായത്. റോഡിനരികില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിന്റെ സണ്‍റൂഫിലേക്ക് ഒരു കുരങ്ങന്‍ വീഴുകയായിരുന്നു. കുരങ്ങിന്റെ ഭാരം താങ്ങാനാവാതെ സണ്‍റൂഫ് തകരുന്നതും കാറിനുള്ളിലേക്കു വീണ കുരങ്ങ് പെട്ടെന്നു തന്നെ പുറത്തേക്കോടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
സണ്‍റൂഫുളള കാറുകളുടെ വില്‍പന പൊടിപൊടിക്കുമ്പോഴും ഇത് വാഹനത്തിന്റെ സുരക്ഷ കുറക്കുമെന്ന ആശങ്കയെ വര്‍ധിപ്പിക്കുന്നതാണ് പുറത്തുവന്ന വിഡിയോ. ഇത്തരം വിവരങ്ങള്‍ പുറത്തുവരുന്നത് സണ്‍റൂഫ് എന്ന ഫീച്ചറിന്റെ ഗുണങ്ങളും പരിമിതികളും താരതമ്യപ്പെടുത്തിക്കൊണ്ട് അന്തിമ തീരുമാനമെടുക്കാന്‍ കാറുടമകളെ സഹായിക്കും.