കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിന്റെ വർഗീയവൽക്കരണം എത്രത്തോളം അപകടകരമായി മാറിയെന്ന ചോദ്യമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ഉയർത്തുന്ന ചോദ്യമെന്ന് പിസി ജോർജ്. പൊളിറ്റിക്കൽ ഇസ്ലാമിന്റെ മുന്നേറ്റം എത്ര അപകടകരമാണെന്ന് ചിന്തിക്കാനുളള അവസരമായാണ് പാലക്കാട് തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. താൻ അനുഭവസ്ഥനാണ്.പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ 27000 മുസ്ലീം വോട്ടുകൾ ഒറ്റയടിക്ക് ഒരു സ്ഥാനാർത്ഥിക്ക് കൊടുത്ത് എന്നെ തോൽപിച്ചു. എസ്ഡിപിഐ എന്നു പറഞ്ഞാലും ഞങ്ങളെല്ലാം ഒന്നാണെന്ന് പിന്നീട് എസ്ഡിപിഐക്കാർ വിളിച്ചു പറഞ്ഞു. അടുത്തത് തൊടുപുഴയാണെന്നാ പറഞ്ഞത്. ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ പാലക്കാട് ആവർത്തിച്ചു. ഇത് പറയുമ്പോൾ തെറ്റിദ്ധരിച്ചിട്ട് കാര്യമില്ലെന്നും പി.സി. ജോർജ് പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ രണ്ട് ദിവസം മുൻപ് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സിപിഎമ്മിനെ പ്രതിനിധീകരിക്കുന്ന കെ.ടി. ജലീലും എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും നിരോധിത സംഘടനകളിലെ മുസ്ലീം നേതാക്കൻമാരും ഒരുമിച്ച് ഒരു മുറിയിൽ കൂടിയെന്ന് പിസി ജോർജ് ആരോപിച്ചു. അത് എന്തിനാണെന്ന് മനസിലാകുന്നില്ല. അതെന്ത് രാഷ്‌ട്രീയമാണെന്നും ആ രാഷ്‌ട്രീയമാണ് പാലക്കാട് ബിജെപിയെ പരാജയപ്പെടുത്തിയതെന്നും പി.സി. ജോർജ് പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചകൾ ഉണ്ടായെന്ന് കരുതുന്നില്ല. പാലക്കാട്ടെ തോൽവിയുടെ പേരിൽ പാർട്ടിക്കുളളിലെ പ്രതിസന്ധി മാധ്യമങ്ങൾ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ്. താൻ അന്വേഷിച്ചതിൽ ആർക്കും ഒരു പ്രതിസന്ധിയും ഇല്ലെന്നും പിസി ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ പ്രസിഡന്റുമാർ മാറണമെന്ന് പറഞ്ഞാൽ എപ്പോഴും മാറാനേ സമയം ഉണ്ടാകൂ. ജയിച്ചപ്പോൾ പ്രസിഡന്റിന് പ്രമോഷൻ കൊടുക്കുന്നുണ്ടോ? ഇല്ലല്ലോ പിന്നെ നിങ്ങൾ എന്തിനാണ് വിഷമിക്കുന്നതെന്ന് പി.സി. ജോർജ് മാധ്യമങ്ങളോട് ചോദിച്ചു.