കേരള സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല അടക്കം ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിയുന്നതായി കവി കെ.സച്ചിദാനന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പദവികൾ ഒഴിയുന്നത് അറിയിച്ചത്. പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചതിന് പിന്നാലെയാണ് പദവി ഒഴിയുന്നതായിക്കൂടി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയാണ് ചുമതലയില്‍ നിന്നും ഒഴിയുന്നത്.
‘ഭൂമിയില്‍ എനിക്കിനി വളരെ കുറച്ച് സമയമേ ഉള്ളൂ. നേരത്തേയും ഇക്കാര്യം പങ്കുവെച്ചിരുന്നു. എഴുത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതുണ്ട്. അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ ഫൗണ്ടേഷന്‍, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി അടക്കം സംഘാടകനെന്ന നിലയില്‍ സഹകരിച്ചിട്ടുള്ള സംഘടനകളുടെ ചുമതലയില്‍ നിന്നും ഒഴിയുകയാണ്. ഒപ്പം എന്നില്‍ വിശ്വാസം അര്‍പ്പിച്ച് ചുമതലയേല്‍പ്പിച്ച മലയാളത്തിലേയും ഇംഗ്ലീഷിലേയും പബ്ലിഷിംഗ് ഹൗസുകളുടേയും എഡിറ്റിംഗ് ജോലികളില്‍ നിന്നും ഒഴിയുന്നു.’ ഇങ്ങനെയാണ് സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി സച്ചിദാനന്ദൻ നേരത്തെ അറിയിച്ചിരുന്നു. ഏഴുവര്‍ഷം മുമ്പ് ഒരു താല്‍ക്കാലിക മറവിരോഗത്തിന് വിധേയനായിരുന്നുവെന്നും അന്നുമുതല്‍ മരുന്നു കഴിക്കുകയാണെന്നും അന്ന് വ്യക്തമാക്കിയിരുന്നു.
ദീർഘമായ തന്റെ എഴുത്തുജീവിതത്തിലൂടെ മലയാള ഭാഷയേയും ഭാവുകത്വത്തേയും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന കവിയാണ് സച്ചിദാനന്ദൻ. കുട്ടിക്കാലത്തേ കവിതയെഴുത്താരംഭിച്ച് ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകൻ, ഇന്ത്യൻ ലിറ്ററേച്ചറിന്റെ എഡിറ്റർ, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി, ‘ഇഗ്നോ’വിൽ പരിഭാഷാവകുപ്പ് പ്രൊഫസറും ഡയറക്ടറും എന്നിങ്ങനെ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. അറബി, ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയൻ, ഐറിഷ്, ചൈനീസ്, ജാപ്പനീസ്, ജർമൻ, ഹിന്ദി, ബംഗാളി ഉൾപ്പെടെയുള്ള ഭാഷകൽലേയ്ക്ക് സച്ചിദാനന്ദന്റെ കവിതകൾ പരിഭാഷപ്പെടുത്തിട്ടുണ്ട്. അഞ്ച് തവണ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഗംഗാധർ മെഹർ ദേശീയപുരസ്‌കാരം, കുസുമാഗ്രജ് ദേശീയപുരസ്‌കാരം, എൻ.ടി.ആർ. ദേശീയപുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, ആശാൻ പുരസ്‌കാരം, ഉള്ളൂർ പുരസ്‌കാരം, ആദ്യ പി. കുഞ്ഞിരാമൻ നായർ പുരസ്‌കാരം, ആദ്യ കടമ്മനിട്ട അവാർഡ് തുടങ്ങിയവയും സച്ചിദാനന്ദനെത്തേടിയെത്തിയിട്ടുണ്ട്.