വീണ്ടും മാധ്യമങ്ങൾക്ക് നേരെ ക്ഷുഭിതനായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്കുള്ളിലെ പ്രശ്നങ്ങളെക്കുറിച്ച് വാർത്ത നൽകുന്നതിലാണ് സുരേന്ദ്രൻ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയത്. അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചവരെയും കള്ളവാർത്തകൾ കൊടുത്തവരേയും പ്രചരിപ്പിച്ചവരേയും ശരിയായ നിലയിൽ കൈകാര്യം ചെയ്യുമെന്നാണ് കെ.സുരേന്ദ്രന്റെ വെല്ലുവിളി. ഉപതിരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണം ബിജെപിയിലെ പടല പിണക്കങ്ങൾ ആണെന്നും ബിജെപി വോട്ടുകൾ ചോർന്നിട്ടുണ്ടെന്നും മാധ്യമങ്ങൾ വാർത്ത നൽകിയതാണ് കെ. സുരേന്ദ്രനെ ചൊടിപ്പിച്ചത്. പാലക്കാട് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപിയിലുണ്ടായ വിമത നീക്കവും നേതൃത്വത്തോട് അതൃപ്തി അറിയിച്ച് നേതാക്കൾ രംഗത്തുവന്നതും ഉൾപ്പടെയുള്ള വിഷയങ്ങളിലാണ് ഭീഷണി ഉയർത്തിയത്. കഴിഞ്ഞ ദിവസവും വളരെ രൂക്ഷമായ ഭാഷയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മാധ്യമങ്ങളോട് കയർത്ത് സംസാരിച്ചിരുന്നു. തനിക്കെതിരെ മാധ്യമങ്ങൾ ‘ചവറ്’ വാർത്തകളാണ് നൽകുന്നതെന്നായിരുന്നു സുരേന്ദ്രന്റെ ആക്ഷേപം. എഡിഎം നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ശേഷം തിരികെ മടങ്ങുമ്പോഴാണ് മാധ്യമപ്രവർത്തകർക്ക് നേരെ സുരേന്ദ്രന്റെ ഭീഷണി.
‘പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവിൽ നൂറുക്കണക്കിന് ബലിദാനികൾ ജീവൻ നൽകി പടുത്തുയർത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരി തേക്കാൻ കഴിഞ്ഞ മൂന്നാല് ദിവസങ്ങളായി മാധ്യമങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഇത്തരം നെറികേടുകൾ കാണിച്ച ഒരുത്തനേം വെറുതെ വിടില്ല. കള്ളവാർത്തകൾ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളവർ, ഏത് കൊമ്പത്തിരിക്കുന്നവരാണെങ്കിലും അവരെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യും’ എന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.
എഡിഎം നവീൻ ബാബു വിഷയത്തിലും കെ. സുരേന്ദ്രൻ പ്രതികരിച്ചു. ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത ചതിയാണ് പിണറായി വിജയനും സിപിഐഎമ്മും നവീൻ ബാബുവിൻ്റെ കുടുംബത്തോട് ചെയ്തതെന്നായിരുന്നു പ്രതികരണം. പ്രത്യേക അന്വേഷണ സംഘം പി പി ദിവ്യയേയും കളക്ടറേയും പൂർണമായി സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും, എല്ലാ തെളിവും നശിപ്പിക്കുകയാണ് അന്വേഷണ സംഘംത്തിൻ്റെ ലക്ഷ്യമെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.