അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന രീതിയിലാണ് ബിജെപിക്കാർ ഇപ്പോൾ. പാലക്കാട് തോറ്റതിന് മാധ്യമങ്ങളുടെ മണ്ടയിലോട്ട് ആണ് ചാട്ടം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് തിരഞ്ഞെടുപ്പിൻ്റെ പേരിൽ വാർത്ത നൽകിയവരെ നേരിടുമെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
‘സംശയത്തിന് ഇടമില്ലാത്തവിധം ഒരു കാര്യം വ്യക്തമാക്കട്ടെ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൻ്റെ മറവിൽ നൂറുകണക്കിന് ത്യാഗങ്ങൾ സഹിച്ചും ജീവൻ നൽകിയും കെട്ടിപ്പടുത്ത ഒരു മഹാപ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താനുള്ള മാധ്യമങ്ങളുടെ ശ്രമം ഒരു തരത്തിലും അംഗീകരിക്കില്ല. ഇത്തരം കുബുദ്ധികൾ കാണിക്കുന്ന ആരെയും വെറുതെ വിടില്ല. കേരളത്തിലെ മാധ്യമപ്രവർത്തകരോടാണ് ഇത് പറയുന്നത്. ഒരു മഹത്തായ പ്രസ്ഥാനത്തെ പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരു പത്രപ്രവർത്തകനെയും വെറുതെ വിടില്ല. തെറ്റായ വാർത്തകൾ നൽകുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ഏത് പദവിയിലിരുന്നാലും കൃത്യമായി നേരിടും,’ സുരേന്ദ്രൻ വ്യക്തമാക്കി.