ചെരുപ്പ് ധരിക്കുന്നത് ഷൂ ധരിക്കുന്നതിനെക്കാൾ നല്ലതാണോ? അതെ എന്നാണ് ഉത്തരം. തണുപ്പുകാലങ്ങളിൽ ചെരുപ്പിനെക്കാൾ നല്ലത് ഷൂ ആണ് എന്നു മാത്രം. ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് ചെരുപ്പ് ആണ് അനുയോജ്യം. ചെളിയും പൊടിയും സൂര്യരശ്മിയും എല്ലാം കാലിൽ ആവുമെങ്കിലും അൽപം ശ്രദ്ധിച്ചാൽ മതി കാലുവൃത്തിയാക്കാൻ എന്നാണ് ചർമരോഗവിദഗ്ധർ പറയുന്നത്. കാലാവസ്ഥ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. വേനൽക്കാലത്ത് പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലും ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തും കടുത്ത ചൂടായിരിക്കും. ഈ സമയത്ത് തുറന്ന പാദരക്ഷകൾ ധരിക്കുന്നത് ഗുണകരമാവും. വിയർപ്പു മൂലം ഉണ്ടാകുന്ന അണുബാധകളെ തടയാനും ഇത്തരം ചെരുപ്പ് ഇടുന്നതിലൂടെ സാധിക്കും. വായു സഞ്ചാരം ഉണ്ടാകാനും പാദത്തെ തണുത്തതാക്കി നിലനിർത്താനും വിയർപ്പ് അടിഞ്ഞുകൂടുന്നതു തടയാനും തുറന്ന പാദരക്ഷകൾ സഹായിക്കും.
വേനലിലെ ചൂടിനെ ചെറുക്കാൻ പുറത്തു പോകുമ്പോൾ ഭാരം കുറഞ്ഞ സ്നീക്കേഴ്സ് ധരിക്കാം. കാൽവിരലുകൾ പുറത്തു കാണുന്ന ചെരുപ്പുകൾ വേനലിൽ ചൂടിനെ പ്രതിരോധിക്കും. തുറന്ന പാദരക്ഷകൾ ധരിക്കുന്നത് ചർമത്തെ വരണ്ടതാക്കില്ല. എന്നാൽ പാദങ്ങൾക്ക് ആവശ്യമായ പരിചരണം നൽകിയില്ലെങ്കിൽ മറിച്ചാകും സംഭവിക്കുക. ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും കൈകൾക്കും ശ്രദ്ധ കൊടുക്കുന്നതു പോലെ തന്നെ കാലുകൾക്കും പരിചരണം നൽകണം. ശരിയായി കാൽ കഴുകുകയും കിടക്കും മുൻപ് മോയ്സ്ചറൈസർ പുരട്ടുകയും ചെയ്യുന്നത് ഗുണം ചെയ്യും. എന്നാൽ തണുപ്പുകാലത്ത് ഷൂ ധരിക്കുന്നതാകും നല്ലത് ഇത് പാദങ്ങൾക്ക് ചൂട് നൽകും. കാലു മൂടിക്കിടക്കുന്ന ചെരിപ്പുകൾ തണുപ്പുകാലത്ത് ധരിക്കാം. കൂടാതെ കമ്പിളി കൊണ്ടുള്ള സ്ളിപ്പഴ്സും നല്ലതാണ്. കാൽ മൂടുന്ന ഷൂസും ചെരുപ്പും കാലിൽ ചെളി അടിഞ്ഞു കൂടാനും ചർമപ്രശ്നങ്ങൾക്കും അലർജിക്കും കാരണമാകും. അത്‌ലറ്റ്സ്ഫൂട്ട് എന്ന പ്രശ്നവും ചിലർക്കുണ്ടാവും. ഇത് പാദങ്ങളിലെ ചർമത്തെ ബാധിക്കുന്ന ഒരുതരം ഫംഗൽ അണുബാധയാണ്.
കാല് നന്നായി കഴുകുന്നതും അയഞ്ഞ സോക്സ് ധരിക്കുന്നതും ടവലുകൾ പങ്കുവയ്ക്കാതിരിക്കുന്നതും ഇത്തരം അണുബാധകളെ തടയും. തുറന്ന പാദരക്ഷകൾ ധരിക്കുന്നവർ പാദങ്ങൾക്ക് വേണ്ട പരിചരണം നൽകണം. രാത്രി പാദങ്ങൾ വൃത്തിയായി സൂക്ഷിക്കണം. മോയ്സ്ചറൈസർ പുരട്ടാം. ആഴ്ചയിൽ ഒരിക്കൽ ഡെഡ്സ്കിൻ നീക്കം ചെയ്യാൻ ഫുട് സ്ക്രബ് ഉപയോഗിക്കാം. നഖങ്ങൾ വെട്ടിവൃത്തിയാക്കുക. ഒപ്പം കൃത്യമായ ഇടവേളകളിൽ പെഡിക്യൂർ ചെയ്യാം. ഇത് പാദങ്ങളെ വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും.