പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ ‘ഓപറേഷന്‍ കമല’ നടത്തില്ലെന്ന് നിയുക്ത എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിൽ. പാലക്കാട്ടെ ആളുകളുടെ മനസിൽ പ്രത്യയശാസ്ത്രം മാറി.അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.അത് മാറ്റത്തിന്‍റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്നും ഞാൻ പാലക്കാടിന്റെ എംഎൽഎ മാത്രമാണെന്നും രാഹുൽ കൂട്ടുചേർത്തു. അതേ സമയം പാലക്കാടെ വോട്ടർമാരെ എല്ലാവരെയും കണ്ടിട്ടുണ്ട്. ഇനിയും കാണുമെന്നും രാഹുൽ പറഞ്ഞു. സന്ദീപ് വാര്യർ ബിജെപിയിൽ ആയിരുന്നപ്പോൾ എല്ലാവർക്കും സുപരിചിതനായിരുന്നു. അന്നത്തെ നിലപാടുകളോട് എതിർപ്പായിരുന്നു. നിലപാടുകൾ വിട്ട് പാർട്ടിയിൽ വന്നപ്പോൾ സ്വീകരിച്ചു. ഭൂരിപക്ഷത്തിനപ്പുറം ഉപതെരഞ്ഞെടുപ്പിന് പുതിയൊരു മാനം സന്ദീപിന്റെ വരവോടെ ഉണ്ടായെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ ചേലക്കര നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച യു.ആർ.പ്രദീപിന്റെയും പാലക്കാട് നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെയും സത്യപ്രതിജ്ഞ ഡിസംബർ നാലിന് നടക്കും. നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഉച്ച 12 മണിക്കാണ് ചടങ്ങ്.