Celebrities

പല താരങ്ങളും ഇനി കല്യാണവീഡിയോകളുമായി പണം വാരാനെത്തും, അസഹനീയം; നയൻതാരയുടെ ഡോക്യുമെന്ററിയെ പരിഹസിച്ച്‌ ശോഭ ഡേ – sobha day criticises beyond the fairytale

നയന്‍താരയുടേയും വിഘ്നേശ് ശിവന്റേയും വിവാഹ ഡോക്യുമെന്ററി ‘നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയില്‍’ വലിയ ചര്‍ച്ചയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞും ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനും ശേഷമാണ് നെറ്റ്ഫിക്സ് ഡോക്യുമെന്ററി നിര്‍മിച്ചതും പുറത്തിറക്കിയതും. നയന്‍താരയുടെ വ്യക്തിജീവിതവും സിനിമാജീവിതവുമെല്ലാം ഇതില്‍ വിഷയമാകുന്നുണ്ട്.

റിലീസിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്‌ നടന്‍ ധനുഷിനെ രൂക്ഷമായി വിമര്‍ശിച്ച് നയന്‍താര ഒരു തുറന്ന കത്തെഴുതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇങ്ങനെ ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഡോക്യുമെന്ററി സ്ട്രീമിങ് ആരംഭിച്ചത്. ഇപ്പോഴിതാ എഴുത്തുകാരി ശോഭ ഡേ ‘നയന്‍താര: ‘ബിയോണ്ട് ദ ഫെയറി ടെയിലി’നെ വിമര്‍ശിച്ച് രംഗത്ത് വന്നതോടെ ഏറെ ചർച്ചയാവുകയാണ് ഡോക്യുമെന്ററി. വിവാഹ ഫൂട്ടേജ് പണം സമ്പാദിക്കാന്‍ ഉപയോഗിച്ചതിന് നയന്‍താരയെ പരിഹസിക്കുകയാണ് ശോഭ ഡേ. ‘ബിയോണ്ട് ദി ഫെയറിടെയിലിന്റെ’ പ്രൊമോ കാണുന്നത് വരെ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ നയന്‍താരയുടെ മെഗാ സ്റ്റാര്‍ പവറിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ശോഭ ഡേ പരിഹസിച്ചു.

‘നെറ്റ്ഫ്‌ളിക്‌സിൽ ബിയോണ്ട് ദ് ഫെയറിടെയ്‌ലിന്റെ പ്രമോകൾ കാണുന്നതുവരെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ മെഗാ സ്റ്റാർ പവറിനെക്കുറിച്ച് ഞാൻ ബോധവതിയായിരുന്നില്ല. നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന പലരുടെയും മുഷിച്ചിലുളവാക്കുന്ന ക്ലിപ്പുകൾ സഹിച്ചും നയൻതാര(ഡയാന കുര്യൻ)യെ കുറിച്ചും അവരുടെ അവിശ്വസനീയമായ ജീവിതത്തെ കുറിച്ചും എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെ 45 മിനിറ്റ് സധൈര്യം ഞാനതു കണ്ടു. അവർ സുന്ദരിയാണ്, വികാരവിചാരങ്ങൾ നിഷ്പ്രയാസം പ്രകടിപ്പിക്കുന്ന, ഇരുത്തം വന്ന…. ബ്ലാ ബ്ലാ…! പക്ഷെ, എന്ത് അസഹനീയം. അവർക്ക് നല്ല പണം ലഭിച്ചുവെന്ന് കരുതി ഇനി പല താരങ്ങളും അവരുടെ കല്യാണവീഡിയോകളുമായി പണം വാരാനെത്തും.’ ശോഭ ഡേ കുറിച്ചു.

പലരും ശോഭ ഡേയുടെ അഭിപ്രായങ്ങളോട് യോജിച്ചുകൊണ്ട് കമന്റുകൾ പങ്കിടുന്നുണ്ട്. ഡോക്യുമെന്ററി റിലീസിനു പിന്നാലെ സമ്മിശ്ര അവലോകനങ്ങളാണ് ലഭിക്കുന്നത്. നയൻതാരയുടെ ജന്മദിനത്തോടനുബന്ധിച്ച് നവംബർ 18നാണ് ഡോക്യുമെൻ്ററി റിലീസ് ചെയ്തത്. അതേസമയം, പവര്‍പ്പാകാശ ലംഘനം ആരോപിച്ച് നയന്‍താരയ്ക്കെതിരേ മദ്രാസ് ഹൈക്കോടതിയില്‍ ധനുഷ് സിവില്‍ കേസ് ഫയല്‍ ചെയ്തു.

STORY HIGHLIGHT: sobha day criticises beyond the fairytale