മനുഷ്യസമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് തോക്കുകൾ. വേട്ട മുതൽ യുദ്ധത്തിൽ വരെ തോക്കുകൾ ഉപയോഗിക്കുന്നു. എന്നാൽ വെടിവയ്ക്കുന്ന ഒരു ജീവിയെ കണ്ടെത്തിയിരിക്കുകയാണ് പര്യവേക്ഷകർ. ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെയാണ് ഇവ ശ്രദ്ധയിൽപെട്ടത്. കോക്കനട്ട് ഒക്ടോപസ് എന്ന ജീവികളാണ് കല്ലുകൾ തോക്കിൽ നിന്നെന്നപോലെ തെറിപ്പിക്കുന്നത്.
ആംഫി ഒക്ടോപ്പസ് മാർജിനാറ്റസ് എന്നാണ് ഇവയുടെ ശാസ്ത്രനാമം. തങ്ങളുടെ ശരീരത്തിലുള്ള സൈഫൺ എന്ന ഘടന ഉപയോഗിച്ചാണ് ഈ വെടിവയ്പ് നീരാളി നടത്തിയത്. തെക്കുകിഴക്കൻ ഏഷ്യയിലെ സമുദ്രോപരിതലത്തിന് 9 മീറ്റർ താഴെയാണ് ഈ നീരാളി വെടിവയ്പ് നടന്നത്. സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തെപ്പറ്റി പഠിക്കാനെത്തിയ ശാസ്ത്രജ്ഞരാണ് ഈ രംഗം കണ്ടത്.
ഇത് ഈ നീരാളിയുടെ സ്ഥിരം സ്വഭാവമാണോ അതോ ഒരു തവണ ചെയ്തതാണോയെന്ന് മനസ്സിലാക്കാനായി ശാസ്ത്രജ്ഞർ നീരാളിയെ മൂന്നാഴ്ച നിരീക്ഷിച്ചു. നിരീക്ഷണത്തിൽ ഈ വെടിവയ്പ് നീരാളിയുടെ സ്ഥിരം ശൈലിയാണെന്ന് ശാസ്ത്രസംഘത്തിനു ബോധ്യപ്പെട്ടു. ഇന്ത്യൻ മഹാസമുദ്രത്തിൽ വ്യാപകമായി കാണപ്പെടുന്ന നീരാളികളാണ് കോക്കനട്ട് ഒക്ടോപസ്. ബുദ്ധിശാലികളായ ഇവ ചിരട്ടയും കക്കത്തോടുകളുമൊക്കെ ഉപയോഗിച്ച് കവചങ്ങൾ തീർത്തുപയോഗിക്കാൻ വിദഗ്ധരാണ്.
STORY HIGHLLIGHTS: coconut-octopus-shoots-projectiles