Health

ഗർഭിണികൾ മദ്യപിക്കാമോ ? കുട്ടികൾക്ക് സംഭവിക്കുന്നത് എന്ത് ? | alcoholic-woman

മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചു വരികയാണ്. എന്നാൽ ഗർഭിണികൾ മദ്യപിക്കാമോ ? മദ്യപിക്കുന്ന സ്ത്രീകളുടെ കുട്ടികളെ ഇത് എങ്ങനെയെല്ലാം ബാധിക്കും ? അമ്മ കഴിക്കുന്ന പോഷകാഹാരങ്ങൾ എല്ലാം തന്നെ കുഞ്ഞിൽ എത്തുന്നതുപോലെ തന്നെയാണ് ‘അമ്മ ഉപയോഗിക്കുന്ന ലഹരിവസ്തുക്കളുടെ കാര്യവും. ഇവ മറുപിള്ള വഴി കുഞ്ഞിന്റെ ശരീരത്തിൽ എത്തുന്നു. നേരത്തെ മദ്യപിക്കുകയും എന്നാൽ ഗർഭിണി ആയതിനു ശേഷം മദ്യപാനവും നിർത്തിയാലും ഇത് കുഞ്ഞിനെ ബാധിക്കാൻ സാധ്യതയുണ്ട്.

ഗർഭകാലത്തെ മദ്യപാനം കുട്ടികളിൽ വലിയ ദോഷങ്ങൾക്ക് കാരണമാകും. ഏറ്റവും പ്രധാനപ്പെട്ട റിസ്ക് ഗർഭം അലസാനുള്ള സാധ്യതയുണ്ട് എന്നതാണ്. ഗർഭകാലത്തെ മദ്യപാനം ഫീറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥയിലേക്ക് നയിക്കും. ഗർഭകാലത്ത് അമ്മ മദ്യപിക്കുന്നതു മൂലം ഗർഭസ്ഥശിശുവിനുണ്ടാകുന്ന ഒരുകൂട്ടം ശാരീരിക– മാനസിക പ്രശ്നങ്ങളുടെ അവസ്ഥയാണിത്. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തെ ബാധിക്കും, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും, മാസം തികയാതെയുള്ള പ്രസവം സംഭവിച്ചേക്കാം. കുഞ്ഞിന് വളർച്ചക്കുറവ് ഉണ്ടായേക്കാം. ജനിക്കുന്ന കുട്ടികളിൽ പഠനവൈകല്യം, പെരുമാറ്റത്തിൽ പ്രശ്നങ്ങൾ, സംസാരിക്കാനും ഭാഷ പ്രയോഗിക്കാനും വൈകുക തുടങ്ങിയ അവസ്ഥകൾ ഉണ്ടായേക്കാം.

ഗർഭിണിയാണെങ്കിലോ ഗർഭം ധരിക്കാൻ തയാറെടുക്കുകയാണെങ്കിലോ മദ്യപാനം പൂർണമായി ഒഴിവാക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. പലപ്പോഴും സ്ത്രീകൾ മദ്യപിക്കുന്നതിന്റെ പ്രധാന കാരണം സോഷ്യൽ ഡ്രിങ്കിങ് ആണ്. ഇത്തരം അവസരങ്ങൾ ഒഴിവാക്കുക. മദ്യപാനം നിർത്താൻ ബുദ്ധിമുട്ടുള്ളവർ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. ഭർത്താവിന്റെയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും പിന്തുണയും ഈ സമയത്ത് ആവശ്യമാണ്.

content highlight: alcoholic-woman-have-a-healthy-baby