സസ്യഭക്ഷണം കഴിക്കുന്നവർക്ക് ലഭ്യമായ പ്രോട്ടീൻറെ ഒന്നാന്തരം സ്രോതസ്സാണ് പനീർ. ശരീരത്തിൻറെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഒൻപത് അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു. നിരവധി ഗുണങ്ങളുള്ള ഈ പനീർ വെച്ച് ഇറച്ചിക്കറിയുടെ അതേ രുചിയിൽ ഒരു പനീർ റോസ്റ്റ് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
സവാള – രണ്ട്
പച്ചമുളക് – നാല്
വെളുത്തുള്ളി – നാല് അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
വെളിച്ചെണ്ണ – ഒരു വലിയ സ്‌പൂൺ
മല്ലിപ്പൊടി – അര ചെറിയ സ്‌പൂൺ
മുളകുപൊടി – ഒരു ചെറിയ സ്‌പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
പനീർ ചെറിയ കഷണങ്ങളാക്കിയത് – 200 ഗ്രാം
ഉപ്പ്, വെള്ളം – പാകത്തിന്
തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്
ഗരംമസാല – കാൽ ചെറിയ സ്‌പൂൺ
കറിവേപ്പില – ഒരു തണ്ട്
തയ്യാറാക്കുന്ന രീതി
സവാള കനം കുറച്ച് അരിഞ്ഞ് ചൂടായ എണ്ണയിൽ ചേർത്തു നന്നായി വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റി യോജിപ്പിക്കുക. മസാല മൂത്ത മണം വരുമ്പോൾ പനീറും കുറച്ച് വെള്ളവും ഉപ്പും ചേർത്തു വേവിക്കുക. പനീർ വെന്തു വരുമ്പോൾ തക്കാളിയും ഗരം മസാലയും ചേർത്ത് അൽപ സമയം കൂടി വേവിക്കണം. ശേഷം കറിവേപ്പില ചേർത്തു ചൂടോടെ വിളമ്പാം. തേങ്ങാപ്പോലോ അല്ലെങ്കിൽ അണ്ടിപ്പരിപ്പ് അരച്ചതോ ചേർത്താൽ രുചി കൂടും.