Science

നിർണായക ഘട്ടത്തിൽ ചന്ദ്രയാന്‍-4; ചന്ദ്രനില്‍ നിന്ന് സാമ്പിള്‍ ഭൂമിയിലെത്തിക്കും! | chandrayaan-4-rover-to-be-12-times-heavier-than-chandrayaan-3-s-pragyan-1

ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഖ്യാതിയും ഇന്ത്യന്‍ സാങ്കേതിക വിദ്യയുടെ ശേഷിയും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ദൗത്യമായിരുന്നു ചന്ദ്രയാന്‍-3. ചന്ദ്രയാന്‍ ഒന്നിന് ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള ശ്രമത്തില്‍ പരാജയപ്പെട്ട ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഇന്ത്യ ചന്ദ്രയാന്‍-3നടപ്പിലാക്കി വിജയിച്ചത്. ഇതിലൂടെ മറ്റാരും കടന്നുചെല്ലാതിരുന്ന ചന്ദ്രന്റെ ഇരുണ്ട ഭാഗത്താണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. ചന്ദ്രനില്‍ വിക്രം എന്ന് പേരായ ലാന്‍ഡറും പ്രഗ്യാന്‍ എന്ന് പേരായ റോവറും ഇറക്കി വിജയകരമായ പരീക്ഷണങ്ങളാണ് ഇന്ത്യ നടത്തിയത്. നിരവധി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ചന്ദ്രനിലേക്ക് വിപുലമായ പര്യവേക്ഷണത്തിനൊരുങ്ങുകയാണ് ഇന്ത്യ വീണ്ടും. ഇതിനായി ചന്ദ്രയാന്‍-4 ദൗത്യം അണിയറയിലൊരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ചന്ദ്രയാന്‍ -3 ദൗത്യത്തില്‍ ഉപയോഗിച്ച പ്രധാനപ്പെട്ട ഭാഗമാണ് പ്രഗ്യാന്‍ റോവര്‍. ഈ കുഞ്ഞന്‍ റോവറിന് 30 കിലോഗ്രാം മാത്രമായിരുന്നു ഭാരം. എന്നാല്‍ ചന്ദ്രയാന്‍ -4 ലൂടെ വമ്പന്‍ നീക്കത്തിനാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നത്. പ്രഗ്യാന്‍ റോവറിനേക്കാള്‍ 12 മടങ്ങ് വലിപ്പമേറിയ റോവറാകും ചന്ദ്രനില്‍ ഇറങ്ങാന്‍ പോകുന്നത്. ഏകദേശം 350 കിലോ ഭാരമുള്ള റോവറാകും ചന്ദ്രയാന്‍-4ല്‍ ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചന്ദ്രയാന്‍ ദൗത്യങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ നിലേഷ് ദേശായി ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വെറുതെ റോവറിന്റെ വലിപ്പം കൂട്ടുകയല്ല ചെയ്യുന്നത്. ചന്ദ്രനിലിറങ്ങി സാമ്പിള്‍ ശേഖരിച്ച് തിരികെ ഭൂമിയിലെത്തിക്കുക എന്നതാണ് ചന്ദ്രയാന്‍ -4ന്റെ ലക്ഷ്യങ്ങളിലൊന്ന്. അതിനുള്ള ഉപകരണങ്ങളടക്കം ഉള്‍പ്പെടുത്തിയാകും അടുത്ത ചന്ദ്രയാന്‍-4 ദൗത്യം നടക്കുക.

ഇത് പൂര്‍ത്തിയാകുന്നതോടെ ചന്ദ്രനില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് തിരികെ ഭൂമിയിലെത്തിക്കുന്ന സാങ്കേതിക വിദ്യ സ്വന്തമായുള്ള ചുരുക്കം ചില രാജ്യങ്ങളുടെ ഗണത്തിലേക്ക് നമ്മുടെ രാജ്യവും ഉയരും. റോവറിന്റെ വലിപ്പം വര്‍ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ സ്ഥലത്തേക്ക് പര്യവേക്ഷണം വ്യാപിപ്പിക്കാനും അതിനാവശ്യമായ സാങ്കേതിക ഉപകരണങ്ങള്‍ വഹിക്കാനും റോവറിന് സാധിക്കും. ചന്ദ്രയാന്‍-3ലെ പ്രഗ്യാന്‍ റോവറിന് 500 മീറ്റര്‍ ചുറ്റളവില്‍ മാത്രമേ സഞ്ചരിക്കാനുള്ള ശേഷിയുണ്ടായിരുന്നുള്ളു. പുതിയ റോവറിന് ചന്ദ്രനില്‍ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിക്കാനാകും. ഇത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ 2030ല്‍ ചന്ദ്രയാന്‍-4 ദൗത്യം നടപ്പിലാക്കുമെന്നാണ് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ നിലേഷ് ദേശായി പറയുന്നത്. എന്നാല്‍ ഇത് ചിലപ്പോള്‍ 2027ല്‍ നടന്നേക്കുമെന്നും ചില ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നുണ്ട്. 2040ല്‍ ചന്ദ്രനില്‍ ഇന്ത്യക്കാരെ കൊണ്ടുപോവുക, 2050ല്‍ ചന്ദ്രനില്‍ ഒരു ബേസ് സ്റ്റേഷന്‍ സജ്ജീകരിക്കുക തുടങ്ങിയ ദീര്‍ഘകാല പദ്ധതികളാണ് ഐഎസ്ആര്‍ഒയ്ക്കുള്ളത്. ഇതിന്റെ ഭാഗമായാണ് ചന്ദ്രയാന്‍-4 നടപ്പിലാക്കുക. ബഹിരാകാശ ദൗത്യങ്ങളില്‍ ആഗോള ശക്തികളിലൊരാളാകാനുള്ള നീക്കങ്ങളാണ് ഐഎസ്ആര്‍ഒ നടപ്പിലാക്കുന്നത്. കൂടുതല്‍ ഗ്രഹാന്തര ദൗത്യങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്.

STORY HIGHLLIGHTS : chandrayaan-4-rover-to-be-12-times-heavier-than-chandrayaan-3-s-pragyan-1