Kerala

പുതിയ റെയിൽവേ സ്റ്റേഷൻ വേണം; കേന്ദ്രമന്ത്രിക്ക് ബെന്നി ബഹനാന്റെ നിവേദനം

നെടുമ്പാശ്ശേരിയിൽ പുതിയ റെയിൽവേ സ്റ്റേഷൻ നടപ്പിലാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ബെന്നി ബഹനാൻ എംപി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നേരിൽ കണ്ട് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ആഭ്യന്തര, അന്തരാഷ്ട്ര വിമാനയാത്രക്കാർ ഏറ്റവും കൂടുതലായി എത്തുന്ന നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷനില്ലാത്തത് ലക്ഷക്കണക്കിന് യാത്രക്കാരെയാണ് വലയ്ക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരുടെ സംഖ്യ വർഷംതോറും വർധിച്ച് വരികയാണ്. പുതിയ സ്റ്റേഷൻ നെടുമ്പാശ്ശേരിയിൽ വരുന്നതോടുകൂടി ഇതര സംസ്ഥാന തൊഴിലാളികൾ, വാണിജ്യ പ്രവർത്തനങ്ങൾ, ടൂറിസം എന്നിവയിലേക്കുള്ള ഗതാഗതത്തിനായി ഉപകാരപ്രദമാകുമെന്നും ആയതിനാൽ നെടുമ്പാശ്ശേരിയിൽ അത്യാധുനിക സൗകര്യത്തോടു കൂടിയ റെയിൽവേ സ്റ്റേഷൻ അനിവാര്യമാണെന്നും അത് നടപ്പിലാക്കാനുള്ള നടപടികൾ മന്ത്രാലയം കൈക്കൊള്ളണമെന്നും എംപി മന്ത്രിയോട് ആവശ്യപ്പെട്ടു.

ഒപ്പം തൃശൂർ ജില്ലയിൽ ദിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാ ഉറപ്പാക്കാൻ അടിയന്തിരമായി ഫുട് ഓവർ ബ്രിഡ്ജ് നിർമാണനത്തിന്റെ ആവശ്യകതയും എംപി മന്ത്രിയെ ധരിപ്പിച്ചു. ഫുട് ഓവർ ബ്രിഡ്ജ് ഇല്ലാത്തതിനാൽ യാത്രക്കാർ പാളങ്ങൾ മുറിച്ച് കടക്കേണ്ടി വരുന്നത് ഗുരുതര അപകടസാധ്യതകൾക്കും നിരന്തരമായ അപകടങ്ങൾക്കും വഴിവെച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പാളങ്ങൾ മുറിച്ചുകടക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനും ഫുട് ഓവർ ബ്രിഡ്ജ് നിർമാണം അനിവാര്യമാണെന്ന് ബെന്നി ബഹനാൻ മന്ത്രിയോട് ആവശ്യപ്പെട്ടു.