കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സിഐഐ) കെപിഎംജിയും ചേർന്ന് “കേരളം – വരും തലമുറ ശാക്തീകരണം (കേരളം – എംപവറിംഗ് നെക്സ്റ്റ് ജനറേഷൻ)” റിപ്പോർട്ട് പുറത്തിറക്കി. കേരളത്തിലെ കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസുകളുടെ തലമുറ മാറ്റത്തെ കുറിച്ച് വിശദപഠനം നടത്തുന്നതാണ് റിപ്പോർട്ട്. പ്രാദേശിക, ദേശീയ, അന്തർദേശീയ വിപണികളിലുടെ നവീകരണത്തെയും വളർച്ചയെയും കേരളത്തിൻ്റെ സംരംഭകത്വ മനോഭാവം നയിക്കുന്നതെങ്ങനെ എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന കുടുംബ ബിസിനസുകൾക്ക് ബിസിനസ്സ് അന്തരീക്ഷം മനസിലാക്കാനും മുന്നേറാനും “കേരളം – എംപവറിംഗ് നെക്സ്റ്റ് ജനറേഷൻ” റിപ്പോർട്ട് സഹായകമായിരിക്കും.
ആഗോള വിപുലീകരണ താൽപര്യങ്ങൾ, സമ്പന്നമായ സംരംഭകത്വ ചരിത്രം, വിപണി വളർച്ചാ പാതകൾ, നേതൃത്വ തലമുറ മാറ്റം, പിന്തുടർച്ച ആസൂത്രണം, വെല്ലുവിളികളും അവസരങ്ങളും, മാർഗനിർദേശവും പരിശീലനവും തുടങ്ങിയ ദീർഘകാല ബിസിനസ്സ് വിജയം ഉറപ്പാക്കുന്ന പ്രശ്ന പരിഹാരമടക്കം വിവിധ സാങ്കേതിക വിദ്യകളുടെ രൂപരേഖയുമെല്ലാം റിപ്പോർട്ടിൽ ഉൾപ്പെടുന്നു.
കേരളത്തിൻ്റെ സംരംഭകത്വ അന്തരീക്ഷം മുന്നേറ്റത്തിന്റെ ഘട്ടത്തിലാണെന്നും ഈ റിപ്പോർട്ട് അവരുടെ സാധ്യതകളുടെ തെളിവാണെന്നും ഇന്ത്യയിലെ കെപിഎംജിയുടെ കൊച്ചി ഓഫീസ് മാനേജിംഗ് പാർട്ണർ വിഷ്ണു പിള്ള പറഞ്ഞു. കുടുംബ ബിസിനസുകളുടെ അടുത്ത തലമുറയിലേക്കുള്ള വിജയകരമായ മാറ്റം കേരളത്തിലെ സാമ്പത്തിക വളർച്ച സുസ്ഥിരമാക്കുന്നതിന് നിർണായകമാണെന്നും, ഈ തലമുറ മാറ്റത്തിൽ കുടുംബ ബിസിനസുകളെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്നും ഇന്ത്യയിലെ കെപിഎംജി, എം&എ ആൻഡ് ഫാമിലി ഓഫീസ് പാർട്ണർ നിലേഷ് മോഡി കൂട്ടിച്ചേർത്തു.