Celebrities

‘സിനിമയ്ക്ക് കിട്ടുന്ന നെഗറ്റീവ് പ്രതികരണങ്ങള്‍ എന്നെ ഒട്ടും അതിശയിപ്പിക്കുന്നില്ല, കാരണം…’| divyaprabha-spoke-about-negative-comments

സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത് മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയുമായിരുന്നു

കാനില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കി ചരിത്രം കുറിച്ച സിനിമയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഗ്രാന്റ് പ്രീ പുരസ്‌കാരം നേടിയാണ് കാനില്‍ ചിത്രം കയ്യടി നേടിയത്. മുംബൈയിലെ രണ്ട് മലയാളി നഴ്‌സുമാരുടെ കഥയാണ് സിനിമ പറയുന്നത്. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു സിനിമ. പായല്‍ കപാഡിയയാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത് മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രം റീലിസ് ചെയ്തത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ദിവ്യ പ്രഭ പല ചർച്ചകൾക്കും കാരണമായി. ചിത്രത്തിലെ ദിവ്യ പ്രഭയുടെ ടോപ് ലെസ് രംഗമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ഇത്രയധികം ശ്രദ്ധിക്കപ്പെട്ട സിനിമയാണെങ്കിലും അതിലെ പ്രത്യേകൊരു സീനിനെ മാത്രം എടുത്ത് നെഗറ്റീവ് പ്രതികരണങ്ങള്‍ നടത്തുന്നതിനെ കുറിച്ച് അഭിപ്രായപ്പെടുകയാണ് നടിയിപ്പോള്‍.

‘ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിലും ഞങ്ങള്‍ പ്രതീക്ഷിക്കാത്ത പുരസ്‌കാരങ്ങള്‍ സിനിമയ്ക്ക് ലഭിച്ചതിലും വളരെ സന്തോഷമുണ്ട്. എന്നാല്‍ കേരളത്തില്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയ്ക്ക് കിട്ടുന്ന നെഗറ്റീവ് പ്രതികരണങ്ങള്‍ എന്നെ ഒട്ടും അതിശയിപ്പിക്കുന്നില്ല. കാരണം ഇത്തരത്തിലുള്ള പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചത് തന്നെയാണ്.

കേരളത്തിലെപ്പോഴും ഇങ്ങനെയാണ് ഉണ്ടാവുക. ഒരു സിനിമയില്‍ ഇതുപോലൊരു സീന്‍ ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് മാത്രമായിരിക്കും ചര്‍ച്ചകള്‍. അല്ലാതെ ആ സിനിമയില്‍ വേറെ ഒരുപാട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും അതിനെപ്പറ്റി ഒന്നും ആരും പറയില്ല. സിനിമയിലെ പ്രത്യേക സീനുകള്‍ മാത്രം എടുത്തു പ്രചരിപ്പിക്കുമ്പോഴും ആ സീനിന്റെ സന്ദര്‍ഭം എന്താണെന്ന് ആരും അന്വേഷിക്കില്ല. ഞാന്‍ ഇത് പ്രതീക്ഷിച്ചത് കൊണ്ട് ഞെട്ടല്‍ ഒന്നും തോന്നിയില്ലെന്നും ദിവ്യപ്രഭ പറയുന്നു.

സെന്‍സിബിള്‍ ആയിട്ടുള്ള ആളുകളില്‍ നിന്ന് എനിക്ക് വളരെ നല്ല പ്രതികരണങ്ങള്‍ കിട്ടുന്നുണ്ട്. സിനിമയില്‍ വളരെ ഗൗരവമായി കാണുന്ന ആളുകള്‍ നല്ല രീതിയില്‍ വിലയിരുത്തുന്നുണ്ട്. അതേസമയം മറുവശത്ത് സിനിമ മോശമായി ചിത്രീകരിക്കുന്നവരുമുണ്ട്. നമ്മുടെ സമൂഹത്തില്‍ പലതരത്തിലുള്ള ആളുകള്‍ ഉണ്ടല്ലോ. അവര്‍ ഓരോ വിഷയത്തെ സമീപിക്കുന്നത് ഓരോ രീതിയിലായിരിക്കും. അത്തരത്തില്‍ വരുന്ന അഭിപ്രായപ്രകടനമാണ് ഇതെല്ലാം. ഞാന്‍ അങ്ങനെയാണ് ഇതിനെ കാണുന്നത് എന്നും നടി പറയുന്നു.

ചിലര്‍ സിനിമയിലെ ക്ലിപ്പുകള്‍ മാത്രം കണ്ടിട്ടാണ് അഭിപ്രായം പറയുന്നതെങ്കില്‍ മറ്റു ചിലര്‍ പടം കണ്ടിറങ്ങിയ ശേഷവും ഈ സീനുകളെ പറ്റി മാത്രം പറയുന്നത് കണ്ടു. 20 ശതമാനം ആളുകളാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നത്. മോശമായി ചിത്രീകരിക്കുന്ന 20 ശതമാനത്തെക്കുറിച്ച് ഞാന്‍ വിഷമിക്കുന്നില്ല.’ എന്നും ദിവ്യപ്രഭ കൂട്ടിച്ചേര്‍ത്തു.

content highlight: divyaprabha-spoke-about-negative-comments