പലരുടെയും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് തൈര്. ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം കാരണം തൈര് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. വയർ നിറഞ്ഞ സംതൃപ്തി നൽകുകയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. നല്ലൊരു ഘുഭക്ഷണ ഓപ്ഷനാണ്, സമീകൃതാഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്.
തൈര് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. തൈര് കഴിക്കാന്‍ മാത്രമല്ല, മുഖത്ത് പുരട്ടാനും നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, കരുവാളിപ്പ് മാറ്റുകയും, കറുത്ത പാടുകളെ അകറ്റുകയും ചെയ്യും. പ്രോബയോട്ടിക്സിന്റെ സമ്പന്നമായ ഉറവിടമാണവ. കാൽസ്യം, പ്രോട്ടീൻ, നല്ല ബാക്ടീരിയകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നതിനാൽ ദഹനത്തിനും പ്രതിരോധശേഷിക്കും മികച്ചതാണ്. നല്ല ബാക്ടീരിയകൾ നിറഞ്ഞ തൈര് അന്നനാളത്തെ ശുദ്ധീകരിക്കാനും അണുബാധയെ അകറ്റി നിർത്താനും സഹായിക്കുന്നു.
തൈരിന് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും മാനസികാവസ്ഥയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്താനും കഴിയും. കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും. കാൽസ്യം, പ്രോട്ടീൻ, അവശ്യ വിറ്റാമിനുകൾ എന്നിവയും നൽകുന്നു.
ഡിസംബർ അടുത്തതോടെ തണുപ്പ് കൂടുകയാണ്. തണുപ്പുള്ള സമയത്ത് തൈര് കഴിക്കാമോയെന്ന സംശയം പലർക്കുമുണ്ട്. തണുപ്പുള്ള മാസങ്ങളിൽ സാധാരണമായി ഉണ്ടാകുന്ന ജലദോഷം, ചുമ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ തൈര് കഴിക്കുന്നതിലൂടെ വഷളാകുമെന്ന് ആയുർവേദ വിദഗ്ധൻ അശുതോഷ് ഗൗതം പറഞ്ഞു. തണുപ്പുള്ള മാസങ്ങളിൽ, പ്രത്യേകിച്ച് രാത്രിയിൽ, തൈര് ഒഴിവാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
എന്നാൽ, തണുപ്പ് കുറഞ്ഞ ദിവസങ്ങളിൽ തൈര് കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് ന്യൂട്രീഷ്യനിസ്റ്റ് രൂപാലി ദത്ത അഭിപ്രായപ്പെട്ടു. തണുത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അവ ചൂടാക്കാൻ ശരീരത്തിന് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. അതിനാൽ ശൈത്യകാലത്ത് തൈര് കഴിക്കാൻ അനുയോജ്യമല്ലെന്ന് അവർ പറഞ്ഞു.
ദഹനപ്രക്രിയ എളുപ്പമാക്കുന്നതിന്, പകല്‍ സമയത്ത് പ്രത്യേകിച്ച് രാവിലെയോ, ഉച്ച കഴിഞ്ഞോ തൈര് കഴിക്കുന്നതാണ് നല്ലത്. ഈ സമയത്ത് തൈര് ദഹിപ്പിക്കാൻ എളുപ്പമാണ്. തൈര് മാത്രമായോ, ചോറിന്‍റെയോ, പച്ചക്കറികളുടെ കൂടെയോ തൈര് കഴിക്കാവുന്നതാണ്. തൈര് പൊതുവെ എല്ലാവർക്കും ഗുണപ്രദമാണ്. എന്നിരുന്നാലും, ലാക്ടോസ് അസഹിഷ്ണുതയോ പാലുൽപ്പന്നങ്ങളോട് അലർജിയോ ഉണ്ടെങ്കിൽ തൈര് ഒഴിവാക്കണം. കിഡ്‌നി പ്രശ്‌നങ്ങളോ ഉയർന്ന കൊളസ്‌ട്രോളോ ഉള്ളവർ തൈര് മിതമായ അളവിൽ കഴിക്കണം.
ഓർക്കേണ്ട ചില കാര്യങ്ങൾ
- പഞ്ചസാരയോ കൃത്രിമ രുചികളോ ചേർക്കാത്ത പ്ലെയിൻ തൈര് തിരഞ്ഞെടുക്കുക.
- കാലാവധി കഴിഞ്ഞതാണോയെന്ന് പരിശോധിക്കുക.
- എല്ലാ പോഷക ആവശ്യങ്ങൾക്കും തൈരിനെ മാത്രം ആശ്രയിക്കരുത്; ഭക്ഷണക്രമം മാറ്റുക.
- പാലുൽപ്പന്നങ്ങളോട് അലർജിയുണ്ടെങ്കിൽ തൈര് കഴിക്കരുത്.
- തൈര് അമിതമായി കഴിക്കരുത്
content highlight: should-you-skip-curd-in-winter