ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ പ്രവാഹം തുടരുന്നു. ഈ വർഷം നടതുറന്ന ശേഷം ബുധനാഴ്ച വരെ 9,13,437 തീർത്ഥാടകരാണ് അയ്യപ്പ ദർശനം നടത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നര ലക്ഷം തീർത്ഥാടകരുടെ വർദ്ധനവാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഉണ്ടായിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുമ്പോഴും പരാതികളോ പരിഭവങ്ങളോ ഇല്ലാതെയാണ് മണ്ഡലകാലം മുന്നോട്ടുപോകുന്നത്.
കഴിഞ്ഞ ദിവസം ശബരിമലയിൽ ഈ സീസണിലെത്തിയവരുടെ എണ്ണം എട്ടര ലക്ഷം കടന്നിരുന്നു. ചൊവ്വാഴ്ച്ച മാത്രം 75458 തീർഥാടകരാണ് മല ചവിട്ടിയത്. ഇതിൽ 12471 തീർത്ഥാടകർ സ്പോട്ട് ബുക്കിംഗ് മുഖേനെ എത്തിയവരായിരുന്നു. ശബരിമലയിൽ എത്തുന്ന എല്ലാർക്കും ദർശനം ഉറപ്പാക്കും എന്ന ദേവസ്വം വകുപ്പ് മന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും വാക്ക് പാലിക്കപ്പെടുകയാണ് ഇവിടെ.
അതേസമയം ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ഇത്തവണ ഒരുക്കിയത് പരാതികൾക്ക് ഇടനൽകാത്ത സജ്ജീകരണങ്ങളെന്നും തീർഥാടകരിൽ നിന്നും ലഭിക്കുന്ന സംതൃപ്തിയാർന്ന പ്രതികരണങ്ങൾ അതിൻ്റെ തെളിവാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . സന്നിധാനത്ത് മികച്ച രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്തതാണ് ഇത്തവണത്തെ മുന്നൊരുക്കങ്ങളെ വിജയകരമാക്കിയതെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.