വിട്ടുമാറാത്ത ചുമ മാറ്റുന്നതിന് പാർശ്വഫലങ്ങളില്ലാത്ത ഒരു ബദലാണ് വീട്ടുവൈദ്യങ്ങൾ. വീട്ടിൽ ലഭ്യമായ ചില ചേരുവകൾ ഉപയോഗിച്ച് ഇതിൽ നിന്നും മോചനം നേടാം. സാധാരണയായി എട്ടാഴ്ച അഥവാ രണ്ടുമാസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമയെയാണ് വിട്ടുമാറാത്ത ചുമ എന്നുപറയുന്നത്. പൊതുവേ രണ്ടു തരത്തിലുള്ള ചുമയാണുള്ളത് കഫത്തോടു കൂടിയതും വരണ്ട ചുമയും. ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയുടെ ഭാഗമായാണ് കഫത്തോടുകൂടിയ ചുമ കൂടുതലും ഉണ്ടാകാറുള്ളത്. എന്നാല്‍ വരണ്ട ചുമയ്ക്ക് കാരണം പലതുമാകാം. സാധാരണയായി വരണ്ട ചുമയാണ് വിട്ടുമാറാത്ത ചുമയായി നീണ്ടു നില്‍ക്കുന്നത്.
പരിഹാരങ്ങൾ എന്തൊക്കെ ?
1. തേൻ
ചുമയ്ക്കും തൊണ്ടവേദനയ്ക്കുമുള്ള മികച്ച മരുന്നാണ് തേൻ. തേനിന്റെ സ്വാഭാവിക ആന്റിമൈക്രോബയൽ ഗുണങ്ങൾ അണുബാധയെ ചെറുക്കുന്നു. ഒരു ടേബിൾ സ്പൂൺ തേൻ ചെറുചൂടുള്ള വെള്ളത്തിലോ ഹെർബൽ ടീയിലോ കലർത്തി ദിവസത്തിൽ രണ്ടുതവണ കുടിക്കുക. രാത്രിയിലെ ചുമ ശമിപ്പിക്കുന്നതിന്, കിടക്കുന്നതിന് മുമ്പായി ഒരു ടീസ്പൂൺ തേൻ കുടിക്കുക.
2. ഇഞ്ചി
ഇഞ്ചി ഒരു പ്രകൃതിദത്ത ആന്റി-ഇൻഫ്ലമേറ്ററി ഏജന്റും ചുമയ്ക്കുള്ള ശക്തമായ പ്രതിവിധിയുമാണ്. ഇഞ്ചി ശ്വാസനാളത്തിലെ പേശികളെ വിശ്രമിക്കാനും തൊണ്ടയിലെ വീക്കം കുറയ്ക്കാനും മ്യൂക്കസ് വൃത്തിയാക്കാനും സഹായിക്കുന്നു. ഇഞ്ചിയുടെ കഷ്ണങ്ങൾ വെള്ളത്തിൽ തിളപ്പിക്കുക. ഇതിലേക്ക് തേനോ നാരങ്ങയോ ചേർക്കുക. ഒരു ദിവസം 2-3 തവണ കുടിക്കുക.
3. മഞ്ഞൾ ചേർത്ത പാൽ
മഞ്ഞൾ ചേർത്ത പാൽ ചുമയെ ചികിത്സിക്കുന്നതിൽ വളരെ ഫലപ്രദമാണ്. മഞ്ഞളിലെ കുർക്കുമിന് ആന്റി ബാക്ടീരിയൽ, ആന്റിവൈറൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. തൊണ്ടയിലെ ചൊറിച്ചിൽ കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. ചെറുചൂടുള്ള പാലിൽ അര ടീസ്പൂൺ മഞ്ഞൾ ചേർക്കുക. ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് നല്ല ഫലം നൽകും.
4. ഉപ്പ് വെള്ളം കവിൾ കൊള്ളുക
ഉപ്പ് വെള്ളം കവിൾകൊള്ളുന്നത് തൊണ്ടയിലെ വീക്കം കുറയ്ക്കുന്നു. ചെറുചൂടുള്ള വെള്ളത്തിൽ അര ടീസ്പൂൺ ഉപ്പ് കലർത്തി 15-30 സെക്കൻഡ് നേരം കവിൾ കൊള്ളുക. ഒരു ദിവസം 3-4 തവണ ചെയ്യുക.
5. ആവി പിടിക്കുക
ആവി പിടിക്കുന്നത് ചുമ മാറാൻ സഹായിക്കും. ആവി പിടിക്കുന്നതിലൂടെ കഫത്തെ നേർത്തതാകാൻ സഹായിക്കും. 15 മിനിറ്റിൽ കൂടുതൽ നേരം ആവി പിടിക്കരുത്.
content highlight: how-to-help-home-remedies-to-treat-cough