വിഴിഞ്ഞം അനുബന്ധ കരാര്‍ ഉപ്പിട്ടു. സംസ്ഥാന സര്‍ക്കാരും അദാനി പോര്‍ട്ടും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. പുതിയ കരാര്‍ പ്രകാരം 2028 ല്‍ പദ്ധതിയുടെ മറ്റ് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കും. പഴയ കരാര്‍ പ്രകാരം 2039 ല്‍ മാത്രമാകും വരുമാനം ലഭിക്കുക. പുതിയ കരാര്‍ പ്രകാരം 2034 മുതല്‍ വരുമാനം ലഭിക്കുമെന്ന് കരാര്‍ ഒപ്പിട്ടതിന് ശേഷം തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതിവര്‍ഷം സ്ഥാപിത ശേഷി 45 ലക്ഷം ടിഇയു ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണ പ്രവർത്തനം 95 ശതമാനം പൂർത്തിയായി. ആദ്യഘട്ടത്തിന്റെ കമ്മീഷനിംഗ് ഡിസംബർ അവസാനമോ ജനുവരി ആദ്യമോ നടക്കും. പുതിയ കരാര്‍ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട വയബിളിറ്റ് ഗ്യാപ് ഫണ്ടിംഗ് കുറഞ്ഞു. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കേണ്ടതില്ല എന്ന തീരുമാനം ഗുണകരം. റോഡ് – റെയില്‍ കണക്ടിവിറ്റി വിഷയത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും.
വയബിളിറ്റ് ഗ്യാപ് ഫണ്ടിംഗ് ഗ്രാന്‍ഡ് ആയി തന്നെ അനുവദിക്കും എന്നാണ് പ്രതീക്ഷ. കേന്ദ്രം തെറ്റായ സമീപനം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ഭാഗമല്ലേ കേരളമെന്നും സംസ്ഥാനം വീണ്ടും ആവശ്യം ഉന്നയിച്ച് കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസം വരെ ട്രയല്‍ റണ്ണിന്റെ ഭാഗമായി 65 കപ്പലുകള്‍ വിഴിഞ്ഞത്തെത്തി. പ്രതീക്ഷിച്ചതിനേക്കാള്‍ വിജയകരമായി ട്രയല്‍ റണ്‍ കാലയളവെന്നും 1.75 ലക്ഷം ടിഇയു നേടാനായെന്നും മന്ത്രി വ്യക്തമാക്കി.