Kerala

വിസി നിയമനം; എനിക്ക് പൂര്‍ണ അധികാരം ഉണ്ടെന്നാണ് ഹൈക്കോടതി വിധിയെന്ന് ന്യായീകരിച്ച് ഗവര്‍ണര്‍

വൈസ് ചാന്‍സിലര്‍മാരെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലെന്നും നിയമനത്തിന് തനിക്ക് പൂര്‍ണ അധികാരമുണ്ടെന്നാണ് വിധിയെന്നും ന്യായീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹൈക്കോടതി വിധിക്കായി ഒരു മാസം വരെ കാത്തിരുന്നെന്നും ഇതിനുശേഷമാണ് നിയമനം നടത്തിയതെന്നുമാണ് ഗവര്‍ണറിന്റെ വാദം. ഗോപിനാഥ് രവീന്ദ്രന്റെ കാര്യത്തിലും സമാനമായ വിധിയാണ് വന്നതെന്നും സര്‍ക്കാരിന് എതിരഭിപ്രായം ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കട്ടെയെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. അധികാരപരിധിയില്‍ നിന്നാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും ഗവര്‍ണര്‍ പറയുന്നു.

അതേസമയം കെടിയു വിസിയെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. അനധികൃതമായി വിസിയെ നിയമിച്ചതിനെതിരെയാണ് എസ്എഫ്‌ഐ പ്രതിഷേധിച്ചത്. ഇക്കാര്യം ജീവനക്കാരും പ്രതിഷേധത്തിലാണ്. ഹൈക്കോടതി വിധി മാനിക്കാതെ സര്‍ക്കാര്‍ ലിസ്റ്റ് തള്ളിയാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വിസി നിയമനം നടത്തിയത്. നിയമത്തെയും, കോടതി വിധികളെയും വെല്ലുവിളിച്ച് ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്നത് യുഡിഎഫ്, കെഎസ് യു, എംഎസ്എഫ് പിന്തുണയോടെയാണെന്നും എസ്എഫ്‌ഐ ആരോപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റില്‍ നിന്ന് മാത്രമേ സാങ്കേതിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറെ നിയമിക്കാന്‍ പാടുള്ളൂ എന്ന ഹൈക്കോടതി വിധി വന്ന് മണിക്കൂറുകള്‍ മാത്രം പിന്നിടുന്ന സമയത്താണ് സംസ്ഥാന നിയമസഭ പാസാക്കിയ നിയമങ്ങളെയും, ഹൈക്കോടതി ഉത്തരവുകളെയും വെല്ലുവിളിച്ച് ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാങ്കേതിക, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിസിമാരെ തന്നിഷ്ട പ്രകാരം തീരുമാനിച്ചത്.