ഗർഭിണികളുടെ ചർമ സംരക്ഷണവുമായി ബന്ധപ്പെട്ടും ചില മിത്തുകൾ നിലനിൽക്കുന്നുണ്ട്. ഇവയിൽ സ്വീകരിക്കേണ്ടതും തള്ളിക്കളയേണ്ടയും ഏതൊക്കെയാണെന്ന് നോക്കാം. ശരീരഭാഗങ്ങളിലെ മുടി ഗർഭിണികൾ നീക്കം ചെയ്യാൻ പാടില്ല എന്നതാണ് പൊതുവേയുള്ള ധാരണ. എന്നാൽ സുരക്ഷിതമായ രീതിയിൽ ഏറ്റവും വൃത്തിയായി ശരീരഭാഗങ്ങളിലെ മുടികൾ ഗർഭിണികൾ നീക്കം ചെയ്യുന്നതിൽ തെറ്റില്ല. ചർമത്തിന് കേടുപാടുകളോ പൊള്ളലുകളോ ഏൽപ്പിക്കുന്ന കഠിനമായ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കരുതെന്ന് മാത്രം. അനുയോജ്യമായ മികച്ച ഉത്പന്നങ്ങൾ തിരഞ്ഞെടുത്ത് സുരക്ഷിതമായി കൈകാര്യം ചെയ്താൽ പ്രശ്നമില്ല.
ഗർഭകാലത്ത് വെയിലത്തിറങ്ങേണ്ട സാഹചര്യമുണ്ടെങ്കിൽ സൺസ്ക്രീൻ പുരട്ടണം എന്നതാണ് വിദഗ്ധർ നൽകുന്ന നിർദേശം. ഇവ ത്വക്കിന് സൂര്യതാപത്തിൽ നിന്നും സംരക്ഷണം നൽകും. എന്നാൽ കെമിക്കൽ സൺസ്ക്രീനുകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ത്വക്കിന്റെ പ്രത്യേകതകൾ വ്യത്യസ്തമായിരിക്കും. അതിനാൽ ചർമ സംരക്ഷണ മാർഗങ്ങളും അതിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതുവരെ പിന്തുടർന്നു പോന്ന ചർമ സംരക്ഷണ മാർഗങ്ങൾ ഗർഭകാലത്ത് തുടരുന്നത് തെറ്റാണെന്ന് കരുതി ഒഴിവാക്കുന്നത് ചിലപ്പോൾ ചർമത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ശരീരത്തിന് ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്ന കാലമായതിനാൽ ചില ഉത്പന്നങ്ങൾ അലർജിക് റിയാക്ഷനുകളും ഉണ്ടാക്കിയെന്ന് വരാം. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് ഗർഭകാലത്തെ ചർമ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വയം തീരുമാനങ്ങൾ എടുക്കും മുൻപ് ഡോക്ടർമാരുടെ ഉപദേശം തേടാം.
വൈറ്റമിൻ എ അടിസ്ഥാനമാക്കിയുള്ള ചർമ സംരക്ഷണ ഉത്പന്നങ്ങൾ ഗർഭകാലത്ത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഗർഭകാലവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യമാണ് മുടിയിൽ കളർ ഉപയോഗിക്കരുത് എന്നത്. ഗർഭകാലത്തിന്റെ ആദ്യ ട്രൈമെസ്റ്ററിൽ മുടി കളർ ചെയ്യുന്നത് ഒഴിവാക്കുന്നത് നല്ലതെന്ന് ഡോക്ടർമാരും പറയുന്നു.