സാക്ഷര കേരളത്തില്‍ സ്‌കൂളുകളും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്ക് സമാനമായിരിക്കുകയാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ കണക്കെടുപ്പില്‍ സംസ്ഥാനത്താകെ 827 സ്‌കൂളുകള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വെറും പ്രാഥമിക വിവരമാണ്. കുറേക്കൂടി ആധികാരികമായി അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയാല്‍ എണ്ണം കൂടുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തന്നെ നല്‍കുന്ന സൂചന.
ഇക്കാര്യത്തിലെ അടുത്ത ഘട്ട നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് മന്ത്രി നല്‍കുന്ന മുന്നറിയിപ്പ്. നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്.
അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ക്ലാസ് മുറികളില്‍ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അധ്യാപകരില്‍ നിന്നോ സ്‌കൂള്‍ അധികാരികളില്‍ നിന്നോ ഉണ്ടാകാന്‍ പാടില്ല. വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്ന വാഹന വാടക ഉള്‍പ്പെടെയുള്ള ഫീസ് സംബന്ധിച്ച ആവശ്യങ്ങള്‍ ക്ലാസ്മുറികളില്‍ മറ്റ് കുട്ടികളുടെ സാന്നിധ്യത്തില്‍ അധ്യാപകരോ സ്‌കൂള്‍ അധികൃതരോ വിദ്യാര്‍ത്ഥികളോട് ചോദിക്കരുത്. ഇപ്പോള്‍ എല്ലാ രക്ഷിതാക്കള്‍ക്കും മൊബൈല്‍ ഫോണ്‍ ഉണ്ട്. അവരോട് നേരിട്ട് വേണം ഇത്തരം കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍.
പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താല്‍ സ്‌കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പാടുള്ളതല്ല. സ്‌കൂളുകളില്‍ പഠനയാത്രകള്‍, സ്‌കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പില്‍ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേല്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ പഠനയാത്രകള്‍, വിനോദയാത്രകള്‍ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വന്‍തോതിലുള്ള തുകയാണ് ചില സ്‌കൂളുകളില്‍ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ കഴിയാതെ അവരില്‍ മാനസിക പ്രയാസം ഉണ്ടാക്കുന്നു.
അതിനാല്‍ പഠനയാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ ക്രമീകരിക്കണം. സ്‌കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാ ചെലവ് ബന്ധപ്പെട്ട പി.ടി.എ. കമ്മിറ്റികളോ സ്റ്റാഫ് മാനേജ്‌മെന്റ് കമ്മിറ്റികളോ വഹിക്കണം. സ്‌കൂളുകളില്‍ ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ജന്മദിനം പോലുള്ള വ്യക്തിഗത ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. സമ്മാനങ്ങള്‍ കൊണ്ടുവരാത്ത കുട്ടികളെ വേര്‍തിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിന് സ്‌കൂള്‍ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
CONTENT HIGHLIGHTS; 827 unrecognized schools are operating in Kerala: Department of Public Education has completed the enumeration; Minister that action will be taken soon; No body shaming in classrooms