Recipe

ഇങ്ങനെയാണോ നിങ്ങൾ ഗ്രീൻപീസ് കറി വയ്ക്കുന്നത്?

ഇടിയപ്പത്തിനും അപ്പത്തിനുമൊക്കെ ബെസ്റ്റ് കോമ്പിനേഷനാണ് ഗ്രീൻപീസ് കറി. ചിലർ കാരറ്റും കിഴങ്ങും ബീൻസുമൊക്കെ ചേർത്തും ഗ്രീൻപീസ് കറി തയാറാക്കും മറ്റു ചിലർ റോസ്റ്റായും വയ്ക്കാറുണ്ട്. രുചികരമായി തയാറാക്കിയാൽ ആർക്കും ഇഷ്ടപ്പെടുന്നതാണ് ഗ്രീൻപീസ് കറി. വെറൈറ്റി രുചിക്കൂട്ടിൽ ഗ്രീൻപീസ് കറി ഉണ്ടാക്കി നോക്കാം. ഗ്രീൻപീസ് കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞപൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കാം. മറ്റൊരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് രണ്ട് ഏലക്കായും കറുവപ്പട്ടയും ഒരു ടീസ്പൂണ്‍ പെരുംജീരകവും ചെറുതായി അരിഞ്ഞ സവാളയും പച്ചമുളക് കീറിയതും ചേർത്ത് നന്നായി വഴറ്റാം.

ന്നായി വഴന്ന് വരുമ്പോൾ തക്കാളി അരിഞ്ഞത് ചേർക്കാം. ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടിയും കുരുമുളക്പൊടിയും ഗരംമസാലയും ചേര്‍ത്ത് നന്നായി ഇളക്കാം. അതിലേക്ക് വേവിച്ച ഗ്രീൻപീസും പുഴുങ്ങി കഷ്ണങ്ങളാക്കിയ കിഴങ്ങും ചേർത്ത് നന്നായി വഴറ്റിയെടുക്കാം. മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് വെളുത്തുള്ളിയും കടുകും വറ്റൽമുളകും കറിവേപ്പിലയും ഇത്തിരി കായപ്പൊടിയും വഴറ്റി ഗ്രീൻപീസ് കറിയിലേക്ക് ചേർക്കാം. നല്ല രുചിയൂറും സ്പെഷല്‍ കറി റെഡി.