Video

വി.സി.യെ നിയമിക്കാൻ തനിക്ക് അധികാരമുണ്ടെന്ന് ഗവർണർ ; വീണ്ടും ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരിന് കളമൊരുങ്ങുന്നു

സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമനങ്ങളെ ന്യായീകരിക്കുകയാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി.സി.യെ നിയമിക്കാൻ ചാൻസലർക്ക് പൂർണ അധികാരമുണ്ടെന്നാണ് ​ഗവർണറുടെ വാദം. ഹൈക്കോടതി വിധിക്കായി ഒരു മാസം വരെ കാത്തിരുന്ന് വിധി വന്നശേഷമാണ് നിയമനം നടത്തിയത്. അതിൽ നിയമനത്തിന് അധികാരം തനിക്കാണെന്ന് വ്യക്തമാക്കുന്നുണ്ട്. സർക്കാരിന് എതിരഭിപ്രായം ഉണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കട്ടെയെന്നും ​ഗവർണർ പറയുന്നു. അതേസമയം സ്വേച്ഛാദിപത്യപരവും ചട്ടങ്ങൾ കാറ്റിൽപറത്തിയുള്ളതുമായ വി.സി നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ ​ഗവർണർക്കെതിരെ നിയമനടപടി തേടുമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ വാക്കുകൾക്ക് ​ഗവർണർ മറുപടി നൽകിയില്ല. മന്ത്രിയുമായി തർക്കിക്കാനില്ല എന്നായിരുന്നു ​ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകൾ.

ഗവർണറുടെ ഉത്തരവിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസി യായി പ്രൊഫ കെ ശിവപ്രസാദും, ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിയായി ഡോക്ടർ സിസ തോമസും ചുമതല ഏറ്റെടുത്തു. ഇടതു സംഘടനകളും എസ്എഫ്ഐയും പ്രതിഷേധങ്ങൾ നടത്തുന്നതിനിടെയാണ് കെ. ശിവപ്രസാദ് ചുമതല ഏറ്റെടുത്തത്. ഗവർണറുടെ ഉത്തരവ് ലഭിച്ചത് പ്രകാരം കുസാറ്റ് വി.സിയുടെ അനുമതി വാങ്ങിയാണ് ചുമതല ഏറ്റെടുക്കുന്നതെന്നും, പ്രവർത്തിക്കുന്നതിൽ പേടിയില്ലെന്നും ശിവപ്രസാദും, മികച്ച പ്രവർത്തനം നടത്താൻ ശ്രമിക്കുമെന്ന് സിസാ തോമസും പ്രതികരിച്ചു. ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിയായി സിസാ തോമസ് രാവിലെ 11 മണിയോടെയാണ് ചുമതലയേറ്റത്. സാങ്കേതിക സർവകലാശാലയിലെ പ്രതിഷേധങ്ങൾ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ഉണ്ടായില്ല. നേരത്തെ സാങ്കേതിക സർവകലാശാവ വൈസ് ചാൻസലർ പദവി ഏറ്റെടുത്തതിന് സർക്കാരിന്റെ പ്രതികാര നടപടി നേരിട്ടയാളാണ് ഡോ. സിസി തോമസ്.

സർക്കാർ പട്ടിക തള്ളിയാണ് താൽക്കാലിക വൈസ് ചാൻസലർമാരെ ​ഗവർണർ നിയമിച്ചത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഗവർണർ- സർക്കാർ പോരിന് കളമൊരുങ്ങുകയാണ്. കെടിയുവിലേക്ക് ഡോ.സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി.ആർ.ഷാലിജ്, ഡോ. വിനോദ് കുമാർ ജേക്കബ് എന്നിവരുടെ പാനലും ഡിജിറ്റൽ സർവകലാശാലയിലേക്ക് ഡോ. എം.എസ്രാ.ജശ്രീ, കുസാറ്റ് മുൻ വി.സി ഡോ. കെ.എൻ.മധുസൂദനൻ, ഡിജിറ്റൽ സർവകലാശാല രജിസ്ട്രാർ ഡോ. എ.മുജീബ് എന്നിവരുടെ പാനലുകളാണ് സർക്കാർ ഗവർണർക്ക് കൈമാറിയിരുന്നത്. ഈ പാനൽ പൂർണമായും തള്ളിയാണ് പുതിയ നിയമനം. ആരോഗ്യ സർവകലാശാല വി.സിയായി ഡോ. മോഹനൻ കുന്നുമ്മലിന് പുനർ നിയമനം നൽകിയതിന് പിന്നാലെയാണ് സർക്കാരിനെ പ്രകോപിപ്പിക്കുന്ന തുടർനീക്കം ഗവർണർ നടത്തിയിരിക്കുന്നത്.

Latest News