കേരളത്തോട് കേന്ദ്രസർക്കാർ രാഷ്‌ട്രീയപരമായ പകപോക്കൽ നടത്തുന്നുവെന്ന് വിമർശനവുമായി മന്ത്രി വി.എൻ.വാസവൻ. വിഴിഞ്ഞം തുറമുഖ പദ്ധതിക്കാവശ്യമായ കേന്ദ്ര വിഹിതം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയ്ക്കാവശ്യമായ 8,867 കോടി രൂപയിൽ 5,595 കോടി രൂപ സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഇതിൽ 5,595 കോടി രൂപയിൽ ഇതുവരെ 2,159.39 കോടി രൂപ ചെലവഴിച്ചു. അദാനിയുടെ വിഹിതം 2,454 കോടിയും കേന്ദ്രസർക്കാരിന്റേത് 817.80 കോടിയുമാണ്. ഇതിലെ 817.80 കോടിയാണ് ഇതുവരെ ലഭിക്കാത്തത്.
വിഴിഞ്ഞം തുറമുഖത്തിൻ്റെ ഭാവി വികസനം ഉറപ്പാക്കുന്ന സപ്ലിമെൻ്ററി കൺസഷൻ കരാർ ഇന്ന് സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ്ലിമിറ്റഡും ഒപ്പു വെച്ചു. സംസ്ഥാന സർക്കാരിൻ്റെ ഇടപെടലുകളിലുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പൂർത്തിയിയാക്കി സംസ്ഥാന സർക്കാരിന് വരുമാനനേട്ടം സാധ്യമാക്കുന്നത് ആദ്യം വിഭാവനം ചെയ്തിരുന്നതിനെക്കാൾ നേരത്തെയാകുമെന്ന് മന്ത്രി വി.എൻ.വാസവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 045ൽ പൂർത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ മുഴുവൻ ഘട്ടങ്ങളും കരാർ പ്രകാരം 2028 നുളളിൽ പൂർത്തീകരിക്കും. ഇതിലൂടെ ആദ്യ കരാർ അനുസരിച്ച് ലഭിക്കുന്നതിനെക്കാൾ കൂടുതൽ വരുമാനം സർക്കാരിന് ലാഭവിഹിതമായി ലഭിക്കും. സാധ്യതാ പഠന റിപ്പോർട്ട് അനുസരിച്ച് 40 വർഷ കരാർ കാലയളവിൽ ഏകദേശം 5,4750 കോടി രൂപ മൊത്ത വരുമാനമുണ്ടാക്കാൻ കഴിയെന്ന് മന്ത്രി പറഞ്ഞു. മുൻ കരാർ പ്രകാരം തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിച്ചതിനുശേഷം 15-ാം വർഷം മുതലാണ് സംസ്ഥാന സർക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. വിവിധ കാരണങ്ങളാൽ പദ്ധതി പൂർത്തീകരണം വൈകിയ സാഹചര്യത്തിൽ വരുമാന വിഹിതം 2039 മുതൽ മാത്രം അദാനി ഗ്രൂപ്പ് നൽകിയാൽ മതിയായിരുന്നു. എന്നാൽ, ഇപ്പോൾ എത്തിച്ചേർന്ന ധാരണ പ്രകാരം 2034 മുതൽ തന്നെ തുറമുഖത്തിൽ നിന്നും വരുമാനത്തിന്റെ വിഹിതം സർക്കാരിന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.