തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട കനത്ത ന്യൂനമർദ്ദം അർധരാത്രിയോടെ ഫെംഗല്‍ ചുഴലിക്കാറ്റായി മാറും. മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. പുതുച്ചേരി ചെങ്കൽപേട്ട്, വില്ലുപുരം എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ഇന്ന് രാത്രിയും ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകി നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അപകട സാധ്യത കണക്കിലെടുത്ത് ആർ പട്ടണം, കാരയ്ക്കൽ എന്നിവിടങ്ങളിൽ സുരക്ഷാ പരിശോധനകൾക്കുമായി ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കടലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം, മയിലാടുതുറ, രാമനാഥപുരം എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്. ചെന്നൈയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോൾ ശക്തിപ്രാപിക്കുന്ന ഫെംഗല്‍ ചുഴലിക്കാറ്റ് നവംബർ 30 ന് രാവിലെയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലുള്ള തിരത്ത് വീശാൻ സാധ്യതയുണ്ടെന്നും കാലാവലസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ തീരങ്ങളിലടക്കം കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ കടൽതീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശവും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
തമിഴ്നാട്ടിലെ മോശം കാലാവസ്ഥ വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ഇൻഡിഗോ എയർലൈൻസിന്റെ ചെന്നൈ, തൂത്തുക്കുടി, മധുര, തിരുച്ചിറപ്പള്ളി, സേലം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി. കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. കാരയ്ക്കൽ, പുതുച്ചേരി, ചെന്നൈയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ശക്തമായ മഴ ബാധിച്ചു.
രണ്ട് ദിവസത്തിനിടെ പെയ്ത മഴയിൽ തീരദേശ ജില്ലകളില്‍ 100ൽ അധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രുവാരൂര്‍, മയിലാടുതുറ, തഞ്ചാവൂര്‍ തുടങ്ങിയ ജില്ലകളില്‍ 2,000 ഏക്കറിലേറെ നെല്‍ക്കൃഷി നശിച്ചു. നാഗപട്ടണത്ത് 12 ക്യാംപുകളിലായി 371 കുടുംബങ്ങളിലെ 1032 പേരെ മാറ്റി പാര്‍പ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലും ദുര്‍ബല പ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.