Video

‘മാളികപ്പുറത്ത് നടക്കുന്ന പലതും ദുരാചാരങ്ങൾ’ : കോടതി വിധി സ്വാ​ഗതം ചെയ്ത് തന്ത്രി

ശബരിമല മാളികപ്പുറം ക്ഷേത്രത്തിലെ തെറ്റായ ആചാരങ്ങൾ നിർത്താൻ നിർദേശിച്ച ഹൈക്കോടതി വിധി സ്വാ​ഗതം ചെയ്യുകയാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും ആചാരത്തിന്റെ ഭാ​ഗമല്ലെന്നും ഇതെല്ലാം അനാചാരങ്ങൾ ആണെന്നും തന്ത്രി കണ്ഠരര് രാജീവര് ഉത്തരവിനെ സ്വാ​ഗതം ചെയ്ത് പറഞ്ഞു. വസ്ത്രങ്ങൾ ഒഴുക്കുന്നത് കൂടുതലും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവാരാണ്. അവരുടെ ധാരണക്കുറവുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഹൈക്കോടതി നിർദേശം നടപ്പാക്കാൻ ദേവസ്വം ബോർഡ് മുൻകയ്യെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും ശബരിമല മാളികപ്പുറത്ത് ഉള്ള ആചാരമല്ലെന്നും അത് അനുവദിക്കരുതെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതൊന്നും ആചാരത്തിന്റെ ഭാ​ഗമല്ലെന്ന് തന്ത്രി പോലും പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഉത്തരവിനെ മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരിയും സ്വാ​ഗതം ചെയ്തു.
ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് മറ്റു ഭക്തർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യങ്ങൾ ഭക്തരെ അറിയിക്കാൻ അനൗൺസ്മെന്റ് സംവിധാനം ഏർപ്പെടുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ശബരിമലയിൽ പതിനെട്ടാംപടിയിൽ അടക്കം ഫോട്ടോ വീഡിയോ ഷൂട്ടിങ് പാടില്ലെന്നും ഒരിക്കൽകൂടി ഹൈക്കോടതി നിർദേശിച്ചു. ഈ ഉത്തരവ് വ്ലോഗർമാർക്കും ബാധകമാണ്. വ്ലോഗർമാർ വിഡിയോ ചിത്രീകരിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അതേസമയം ചടങ്ങുകൾ ചിത്രീകരിക്കാൻ ദേവസ്വംബോർഡിൻറെ അനുമതി വാങ്ങാമെന്നും കോടതി വ്യക്തമാക്കി.

 

Latest News