സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള പാളയം മാര്‍ക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട് താല്‍ക്കാലിക കെട്ടിടങ്ങളിലേക്ക് കടകള്‍ മാറുന്നതിന് ആവശ്യമായ സമയം ലഭ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് എ.കെ. എം. അസീം മുഈനി ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തെ നോട്ടീസ് സമയം നല്‍കിയ ഉദ്യോഗസ്ഥ നടപടിക്കെതിരെ മേയര്‍, ഡെപ്യൂട്ടി മേയര്‍, സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
ഇത്തരത്തില്‍ ചുരുങ്ങിയ സമയം മാത്രം നല്‍കികൊണ്ട് കടകള്‍മാറ്റി സ്ഥാപിക്കുവാന്‍ നോട്ടീസ് നല്‍കിയ വിവരം നഗരസഭാ നേതൃത്വം അറിഞ്ഞിട്ടില്ലാ എന്നാണ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി കണക്ഷനും വെള്ളവും ഇതുവരെ കെട്ടിടങ്ങളില്‍ ലഭ്യമായിട്ടില്ല. കടകള്‍ മാറുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ പുതിയ കടമുറികളില്‍ നടത്തുന്നതിന് വേണ്ടുന്ന സമയം ലഭിക്കണം. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം നഗരസഭ നടത്തുന്ന വികസന പദ്ധതികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാനുള്ള തീരുമാനമാണ് സംഘനയുടേത്.
അതു കൊണ്ടു തന്നെ സൗകര്യം തീരെ കുറഞ്ഞ മുറികളിലേക്കാണെങ്കിലും, പ്രതിഷേധത്തിന്റെ സ്വരം ഉയര്‍ത്താതെ മാറാന്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ നഗരസഭാ അധികൃതരുടെ അറിവോ നിര്‍ദ്ദേശമില്ലാതെ മൂന്ന് ദിവസത്തെ കാലാവധി മാത്രം അനുവദിച്ചു കൊണ്ട് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ വെള്ളവും വെളിച്ചവും ഇല്ലാത്ത മറ്റൊരു കടമുറിയിലേക്ക് പൊടുന്നനെ മാറണം എന്ന് അവശ്യപ്പെട്ടു കൊണ്ടുള്ള ഉത്തരവ് തീര്‍ത്തും അപ്രായോഗികമാണ്.
ഇത് അടിയന്തരമായി തിരുത്തി ആവശ്യമായ സമയമനുവദിച്ചു കൊണ്ട് വേണം താല്‍ക്കാലിക പുനരുധിവാസം നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് പാളയം പത്മകുമാര്‍, പാളയം യൂണിറ്റ് പ്രസിഡന്റ് കെ. വിദ്യാധരന്‍, യൂണിറ്റ് സെക്രട്ടറി എം. കബീര്‍ എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.
CONTENT HIGHLIGHTS; Palayam Market; A three-day notice period for switching shops is impractical; AK needs time. M. Azee Muini