‘ടർക്കിഷ് തർക്കം’ സിനിമ തീയറ്ററുകളിൽ നിന്ന് പിൻവലിച്ചതിൽ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കിൽ അതിൽ തനിക്ക് പങ്കില്ലെന്ന് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അഭിനയിച്ച നടൻ ലുക്ക്മാൻ. സിനിമയുമായി ബന്ധപ്പെട്ട് തനിക്ക് എന്തെങ്കിലും ഭീഷണി ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലുക്ക്മാൻ ഫേസ്ബുക്കിൽ കുറിച്ചു. റിലീസ് ചെയ്ത ശേഷം തിയേറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിൻ്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് തന്റെ അറിവെന്നും കാരണം തേടിയപ്പോൾ ഉത്തരവാദിത്ത പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ലെന്നും താരം തുറന്നുപറയുന്നു. സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി തനിക്കോ സനിമിയിലെ ആർക്കെങ്കിലുമോ വന്നതായി അറിവില്ലെന്നും താരം വ്യക്തമാക്കുന്നു. സിനിമയിൽ അഭിനയിച്ചു എന്നതിന് അപ്പുറം ചർച്ചകളിൽ പങ്കില്ലെന്നും വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്നും ലുക്ക്മാൻ നിലപാട് വ്യക്തമാക്കി.
റിലീസിനെത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുന്നതെന്നായിരുന്നു അണിയറപ്രവർത്തകരുടെ വാദം. സിനിമ പിൻവലിച്ചത് വിവാദമായതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർമ്മാതാവിനോട് വിശദീകരണം തേടിയിരുന്നു. വിവാദം അനാവശ്യമെങ്കിൽ ചിത്രത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷനെന്റെ നിലപാട്.
നവംബര്‍ 22നാണ് ചിത്രം തിയറ്ററുകളിലെത്തിയിരുന്നത്. സണ്ണി വെയ്‌നും ലുക്‌മാനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മുസ്ലിം സമുദായത്തിന്‍റെ ഖബറടക്കത്തെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയത്. ഒരു പള്ളിയും അവിടെ നടക്കുന്ന ഖബറടക്കവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ചില തര്‍ക്കങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. പത്രസമ്മേളനം നടത്തി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരാണ് സിനിമ താൽക്കാലികമായി തിയറ്ററിൽ നിന്ന് പിൻവലിക്കുന്ന വിവരം അറിയിച്ചത്. നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ലുക്മാനും സണ്ണി വെയ്‌നും ഒപ്പം ഹരിശ്രീ അശോകന്‍, ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.